തൃശൂർ മറ്റത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം . ഒരു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ബന്ദിയാക്കിയത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വ്യാപാരിക്കേറ്റ പരിക്ക് ഗുരുതരമായതോടെ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയുടെ മുന്പിൽ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തില്‍ ഗുരുവായൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സ്പെയർപാർട്സ് കടയും സൂപ്പർമാർക്കറ്റും നടത്തി വരികയാണ് തൃശൂർ കുനംമൂച്ചി സ്വദേശിയായ സി.എഫ്.ജോബി. റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്നു. സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടാണ് ജോബിയുടെ വീട്ടിലേക്ക് മൂന്നംഗ സംഘമെത്തിയത്. ഇതില്‍ ഒരാളെ ജോബിക്ക് നേരത്തെ പരിചയം ഉണ്ട്. മറ്റം ആളൂർ സ്വദേശി ഷിഹാബായിരുന്നു അത്. സ്ഥലം കാണിച്ചതിന് പിന്നാലെ ജോബിയെ മർദ്ദിച്ചവശനാക്കിയ സംഘം കാറിൽ ഷിഹാബിന്റെ വീട്ടിൽ എത്തിച്ചു. നാലു മണിക്കൂറോളം ക്രൂരമർദ്ദനമായിരുന്നുവെന്ന് ജോബി വെളിപ്പെടുത്തുന്നു.