യുക്രൈയ്നില്‍ നിന്ന് സൈനികപിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ സുരക്ഷാകൗണ്‍സിലില്‍ വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞ് റഷ്യ. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ 11 രാജ്യങ്ങള്‍ പ്രമേയാവതരണത്തെ അനുകൂലിച്ചു. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ നിലപാടെടുത്തു. യുഎന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക വ്യക്തമാക്കി.
അമേരിക്കയാണ് സുരക്ഷാ കൗണ്‍സിലില്‍ കൊണ്ടുവന്നത്. യുക്രൈനില്‍ റഷ്യയുടേത് അതിക്രമവും കടന്നു കയറ്റവുമാണെന്നും കുറ്റപ്പെടുത്തുന്ന പ്രമേയം നിരുപാധിക സൈനിക പിന്മാറ്റവും ആവശ്യപ്പെടുന്നു. ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രൈൻ റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വിശദീകരിച്ചു.
റഷ്യക്ക് എതിരായ പ്രമേയത്തിൽ ചൈനയുടെ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു. എതിർപ്പക്ഷത്ത് അമേരിക്കയായതിനാൽ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പിൽ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയിൽ കയറ്റുമതിയിൽ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഇനി 192 അംഗ പൊതു സഭയിൽ ഇനി വിഷയമെത്തും.