മോസ്കോ: യുക്രൈൻ തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കവുമായി റഷ്യ. യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ആഹ്വാനം ചെയ്തു. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്.
സെലൻസ്കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ഉക്രെയ്ൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. യുക്രൈനിലെ സായുധ സേനയിലെ സൈനികരോട് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാൻ യുക്രൈനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുത് – പുടിൻ ആഹ്വാനം ചെയ്തു.
പുടിന് പിന്നാലെ റഷ്യൻ വിദേശകാര്യമന്ത്രിയും സമാനമായ ആഹ്വാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. യുക്രൈനെ സ്വതന്ത്ര്യമാക്കാൻ സൈന്യം മുന്നിട്ടിറങ്ങണം എന്നാണ് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം. അതേസമയം അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾക്കുള്ള സ്വിഫ്റ്റ് ശൃംഖലയിൽ നിന്നും റഷ്യയെ പുറത്താക്കണം എന്ന് ആവശ്യത്തെ ഫ്രാൻസ് പിന്തുണച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
തന്നെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കാനാണ് പുടിൻ്റെ ശ്രമമെന്ന് നേരത്തെ യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കി പറഞ്ഞിരുന്നു. തന്നെ വകവരുത്താനായി രണ്ട് സംഘങ്ങളെ റഷ്യ അയച്ചിട്ടുണ്ടെന്നും ഇവരുടെ ആദ്യത്തെ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തൻ്റെ കുടുംബവുമാണെന്നും തൻ്റെ സർക്കാരിനെ അട്ടിമറിക്കുകയാണ് റഷ്യയുടെ പദ്ധതിയെന്നും സെലൻസ്കി തുറന്നടിച്ചിരുന്നു.