റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) പരീക്ഷകളിലെ മാറ്റങ്ങളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് എടുത്ത നടപടിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) ഉചിതമായ നടപടിക്ക് ഉത്തരവിട്ടു. ലോബീറ്റ് റിപ്പോർട്ട് ചെയ്ത പരാതിയിൽ എട്ടാഴ്ചയ്ക്കകം നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികളോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതി അഭിഭാഷകൻ ഗജേന്ദ്ര സിംഗ് യാദവാണ് എൻഎച്ച്ആർസിയിൽ പരാതി നൽകിയത്. പരാതിക്കൊപ്പം പോലീസ് വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രൂരതയുടെ വീഡിയോകളും ഫോട്ടോകളും കമ്മിഷന് അയച്ചുകൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ്, ബിഹാർ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ പല വിവിധ ഭാഗങ്ങളിലും പ്രകടനങ്ങളും പ്രശ്നങ്ങളും ഉണ്ടായെങ്കിലും പ്രയാഗ്‌രാജിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ നടപടിയുമായി ബന്ധപ്പെട്ടതാണ് ഈ പ്രത്യേക പരാതി നൽകിയത്.
‘റെയിൽവേ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വളരെ സമാധാനപരമായ പ്രക്ഷോഭം ആണ് നടത്തിയത്. ആ വിദ്യാർത്ഥികൾക്കും മറ്റ് വിദ്യാർത്ഥികൾക്കുമെതിരെ ഉത്തർപ്രദേശ് പോലീസ് നടത്തിയത് കഠിനവും യുക്തിരഹിതവുമായ നടപടികളാണ്. പോലീസ് അവരെ ക്രൂരമായി തള്ളുകയും വലിച്ചിഴയ്ക്കുകയും വാതിലുകൾ തകർക്കുകയും ചെയ്തു. പോലീസിന്റെ കയ്യിലുള്ള തോക്കിന്റെ അടിഭാഗം കൊണ്ട് വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു. കൂടാതെ ഈ വിദ്യാർത്ഥികളെ പോലീസ് തീവ്രവാദികളായി പ്രഖ്യാപിച്ചു.’ ഇതൊക്കെയാണ് പരാതിയിൽ ചൂണ്ടികാണിച്ചിരിക്കുന്നത്. അതേസമയം, ഇപ്പോൾ വിഷയത്തിൽ പോലീസ് സ്വീകരിച്ച നടപടിയെക്കുറിച്ച് ചോദിച്ച് കമ്മീഷൻ പോലീസ് ഭരണകൂടത്തിന് കത്തയച്ചിട്ടുണ്ട്. എട്ടാഴ്ചയ്ക്കകം നടപടിയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരനായ അഭിഭാഷകനും കമ്മീഷൻ കത്തയച്ചിട്ടുണ്ട്.
റിക്രൂട്ട്‌മെന്റ് നടപടികളിലെ ക്രമക്കേടുകൾക്കും രണ്ടാം സിബിടി പരീക്ഷ നടത്തിയതിനും ആർആർബി, എൻടിപിസി എന്നിവയ്‌ക്കെതിരെയുമാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. അക്രമത്തിന് പ്രേരിപ്പിച്ചതിന് യൂട്യൂബറും ഓൺലൈൻ അധ്യാപകനുമായ ഖാൻ സാറിനും മറ്റ് ആറ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമെതിരെ നേരത്തെ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഉത്തർപ്രദേശിലും ബിഹാറിലും ഇപ്പോഴും പ്രതിഷേധം ശക്തമാണ്. പ്രയാഗ്‌രാജിലെ പോലീസ് ഭരണകൂടം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് കടുത്ത നടപടിയാണ് കാണിച്ചത്. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. നേരത്തെ, ഉത്തർപ്രദേശിൽ നിന്നുള്ള പോലീസുകാർ വിദ്യാർത്ഥികളെ അവരുടെ ഹോസ്റ്റൽ മുറിയിൽ കയറി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. സംഭവത്തിൽ ഒരു ഇൻസ്പെക്ടർ, രണ്ട് സബ് ഇൻസ്പെക്ടർമാർ, മൂന്ന് കോൺസ്റ്റബിൾമാർ എന്നിവരുൾപ്പെടെ ആറ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസുകാരുടെ ഈ നടപടി.
സമാധാനപരമായ പ്രക്ഷോഭങ്ങളെ പോലും അക്രമാസക്തമായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. യു.പിയിലെ പോലീസ് വിദ്യാർഥികളോട് കാണിക്കുന്ന ക്രൂരതകൾ ഇതിനു മുമ്പും ഉണ്ടായിട്ടുള്ളതാണ്. ജെ.എൻ.യുവിലെ വിദ്യാർഥികൾക്ക് നേരെ നടന്ന അക്രമം പൂർണമായും പോലീസിന്റെ അറിവോടെയായിരുന്നു. ജെ.എൻ.യു വിദ്യാർഥികളെ പുറത്തുനിന്നുള്ള സംഘം കാമ്പസിൽ കയറി ക്രൂരമായി ആക്രമിച്ചതും കൊലപ്പെടുത്താൻ ശ്രമിച്ചതുമായ സംഭവത്തിൽ ദൽഹി പോലീസ് സ്വീകരിച്ച നിലപാട് ഞെട്ടിക്കുന്നതായിരുന്നു. അക്രമികളെ സ്‌പോൺസർ ചെയ്തത് തന്നെ പോലീസാണോ എന്ന സംശയമുളവാക്കുന്ന തരത്തിലാണ് അവർ പെരുമാറിയത്.
ജെ.എൻ.യു അക്രമത്തെ തുടർന്ന് രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭങ്ങൾ വിലയിരുത്തവേ വിദേശ മാധ്യമങ്ങൾ അടക്കം പോലീസിനെ കുറ്റപ്പെടുത്തിയിരുന്നു. ജെ.എൻ.യു അക്രമം ഒരു സർക്കാർ സ്‌പോൺസേഡ് അക്രമമായിരുന്നുവെന്ന് ദിവസങ്ങൾ കഴിയുന്തോറും വ്യക്തമാകുന്നുണ്ട്. പ്രതികളെ പിടികൂടാൻ ശ്രമിക്കാതിരുന്ന പോലീസ്, ഇപ്പോൾ ആക്രമണത്തിനിരയായവരെ പ്രതി ചേർക്കുകയും ചോദ്യം ചെയ്യുകയുമാണ് ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ മുന്നോട്ടു വരുക തന്നെ വേണം. രാജ്യത്തിനാവശ്യം ഭരണകൂടത്തിന്റെ പോലീസല്ല, മറിച്ച് ജനങ്ങളുടെ പോലീസിനെയാണ്. അതിനായുള്ള ശ്രമങ്ങൾ ഇനിയും തുടങ്ങുന്നില്ലെങ്കിൽ വലിയ ദുരന്തത്തിലേക്കായിരിക്കും അത് രാജ്യത്തെ നയിക്കുക.