റഷ്യയുടെ ആക്രമണത്തെ (Russia Ukraine Crisis) ചെറുത്തുനിൽക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുക്രൈൻ സർക്കാർ. റഷ്യൻ സേനയെ ചെറുക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത യുക്രൈൻ (Ukraine) പ്രതിരോധ മന്ത്രാലയം സൈന്യത്തിൽ ചേരാനുള്ള നിബന്ധനകളും എടുത്തുമാറ്റി. കീവിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തലസ്ഥാന നഗരം റഷ്യൻ സൈന്യം വളഞ്ഞു കഴിഞ്ഞു.ഏത് വിധേനയും റഷ്യൻ സൈന്യത്തിൽ നിന്ന് കീവിനെയും രാജ്യത്തെയും സംരക്ഷിക്കാനുള്ള വഴികളാണ് യുക്രെയ്ൻ സൈന്യം തേടുന്നത്.
വ്യോമതാവളമടക്കം റഷ്യയുടെ കാൽക്കീഴിൽ അമർന്ന അവസ്ഥയിൽ കൂടുതൽ ആയുധങ്ങളും മറ്റും കീവിലേക്ക് എത്തിക്കുക ഏറെ ദുഷ്കരമാണ്. ഈ സാഹചര്യത്തിൽ കീവിൽ ലഭ്യമായ എല്ലാ സംവിധാനങ്ങളും പരമാവധി ഉപയോഗപ്പെടുത്താനാണ് യുക്രെയ്ൻ സൈന്യം ശ്രമിക്കുന്നത്.ഏറ്റവും ഒടുവിൽ ജനങ്ങളുടെ കൈവശമുള്ള ഡ്രോണുകൾ ആവശ്യപ്പെട്ടിരിക്കുകയാണ് യുക്രെയ്ൻ. റഷ്യയുടെ സൈനിക നീക്കങ്ങൾ നീരീക്ഷിക്കുന്നതിനായാണ് യുക്രെയ്ൻ പൗരന്മാരോട് സൈന്യത്തിന് ഡ്രോണുകൾ നൽകാൻ അഭ്യർത്ഥിച്ചത്.