മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും മറ്റ് വസ്തുക്കളും പിടികൂടി. വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയത്തിന് കീഴിലെ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻറ് നടത്തിയ പരിശോധനയിലാണ് കാലാവധി തിരുത്തിയ നിലയിൽ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്.
കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളുടെ പുറത്തെ സ്റ്റിക്കർ മാറ്റി പുതിയ തീയതി രേഖപ്പെടുത്തി ഒട്ടിക്കുകയായിരുന്നു. ഇതിന് പുറമേ, ഉൽപാദന തീയതിയോ കാലാവധിയോ രേഖപ്പെടുത്താത്ത ഈന്തപ്പഴങ്ങളും സിറപ്പുകളും പിടികൂടിയതായി മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അൽ അഷ്റഫ് പറഞ്ഞു.
സ്ഥാപനത്തിൻറെ കീഴിലുള്ള സംഭരണ കേന്ദ്രങ്ങളിലും സംഘം പരിശോധന നടത്തി. മതിയായ ലൈസൻസ് ഇല്ലാതെ ഭക്ഷണ സാധനങ്ങൾ സംഭരിച്ചതായും പുനർപാക്കിങ് നടത്തിയതായും കണ്ടെത്തി. ഒരു സംഭരണ കേന്ദ്രത്തിൽ 2019ൽ കാലാവധി കഴിഞ്ഞ ഈന്തപ്പഴങ്ങൾ കണ്ടെത്തി. ഷോപ്പിലെയും മൂന്ന് സംഭരണകേന്ദ്രങ്ങളിലെയും മുഴുവൻ സാധനങ്ങളും കണ്ടുകെട്ടുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യത്തെ അപകടകത്തിലാക്കുന്ന ഇത്തരം തെറ്റായ നടപടികൾക്കെതിരെ മന്ത്രാലയം ശക്തമായ നടപടി സ്വീകരിക്കുമെന്ന് അണ്ടർസെക്രട്ടറി പറഞ്ഞു.
സമാന നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ [email protected] എന്ന ഇമെയിൽ വഴിയോ 17111225 എന്ന വാട്സാപ്പ് നമ്പർ മുഖേനയോ ഡിപ്പാർട്ട്മെൻറിനെ വിവരം അറിയിക്കാവുന്നതാണ്.