ദോഹ : ഇന്ത്യയിൽ നിന്നെത്തുന്ന കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവരും കോവിഡ് മുക്തരുമായ ഖത്തർ പ്രവാസി താമസക്കാർക്ക് തിങ്കളാഴ്ച മുതൽ ഹോട്ടൽ ക്വാറന്റീൻ വേണ്ട. യാത്രയ്ക്ക് മുൻപുള്ള കോവിഡ് പിസിആർ പരിശോധനയും ആവശ്യമില്ല. ഖത്തറിന്റെ യാത്രാ, പ്രവേശന, ക്വാറന്റീൻ നയങ്ങളിൽ ഫെബ്രുവരി 28ന് ദോഹ പ്രാദേശിക സമയം രാത്രി 7.00 മുതൽ പുതിയ മാറ്റം നിലവിൽ വരുന്ന സാഹചര്യത്തിലാണിത്.
വാക്സീനെടുക്കാത്ത 12 വയസിൽ താഴെയുള്ള കുട്ടികൾ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ അല്ലെങ്കിൽ കോവിഡ് മുക്തരായ മാതാപിതാക്കൾക്കൊപ്പമാണ് എത്തുന്നതെങ്കിൽ രക്ഷിതാക്കൾക്കുള്ള അതേ വ്യവസ്ഥ തന്നെയാണ് ബാധകമാകുന്നത്. യാത്രയ്ക്ക് മുൻപുള്ള കോവിഡ് പിസിആർ പരിശോധനയിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ദോഹയിലെത്തി 24 മണിക്കൂറിനുള്ളിൽ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്.
കോവിഡ് അപകട സാധ്യതാ രാജ്യങ്ങളുടെ പട്ടികയിൽ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകുന്ന മാറ്റങ്ങൾ പ്രകാരം നിലവിലെ റെഡ്, ഗ്രീൻ, എക്സെപ്ഷനൽ റെഡ് പട്ടികയ്ക്കു പകരം സ്റ്റാൻഡേർഡ് ഹെൽത്ത് മെഷേഴ്സ്, റെഡ് ഹെൽത്ത് മെഷേഴ്സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ മാത്രമാണ് ഉണ്ടാകുക. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർജിയ, ജോർദാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ റെഡ് ഹെൽത്ത് മെഷേഴ്സ് വിഭാഗത്തിലാണുള്ളത്. മറ്റെല്ലാ രാജ്യങ്ങളും സ്റ്റാൻഡേർഡ് ഹെൽത്ത് മെഷേഴ്സിലാണ് ഉൾപ്പെടുക.