അമേരിക്ക : ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദർശനത്തിന് അമേരിക്കയുടെ ഭാഗത്ത് നിന്നും തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് നാഷണൽ ബാങ്ക് ഒഫ് പാകിസ്ഥാന് (എൻബിപി) യുഎസ് 55 മില്യൺ ഡോളർ പിഴ ചുമത്തി. നടുവൊടിഞ്ഞ പാക് സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ പാലിക്കാതിരുന്നതിനാലാണ് ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന നാഷണൽ ബാങ്ക് ഒഫ് പാകിസ്ഥാന് യുഎസ് 55 മില്യൺ യുഎസ് ഡോളർ പിഴ ചുമത്തിയിരിക്കുന്നത്.
പാക് സെൻട്രൽ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്റെ അനുബന്ധ സ്ഥാപനമാണ് എൻബിപി.ബാങ്കിന്റെ ന്യൂയോർക്ക് ശാഖയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നും, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയന്ത്രണങ്ങൾ നിലനിർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അമേരിക്ക ആരോപിക്കുന്നു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും അധികൃതർ അവഗണിച്ചു. നാഷണൽ ബാങ്ക് ഓഫ് പാകിസ്ഥാന് പിഴ ചുമത്തിയ അമേരിക്കയുടെ നടപടി പാകിസ്ഥാന് എഫ്എടിഎഫിന്റെ (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്) അടുത്ത യോഗത്തിൽ തിരിച്ചടിയാകാനും സാധ്യത ഉണ്ട്.