റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനില്‍ കുടുങ്ങി പോയ പ്രിയപ്പെട്ടവരെ എന്ത് വില കൊടുത്തും നാട്ടിലേക്കെത്തിക്കുകയെന്ന ലക്ഷ്യമാണ് ബന്ധുക്കള്‍ക്ക്. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും സജീവമാണ്. അത്തരമൊരു സംഭവത്തില്‍ മധ്യപ്രദേശിലെ ഒരു ആശുപത്രി ജീവനക്കാരിക്ക് നഷ്ടമായത് 42,000 രൂപയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. യുക്രൈനില്‍ മെഡിസിന് വിദ്യാര്‍ഥിയായ മകളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന നിലയിലാണ് പണം തട്ടി എടുത്തത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി.
മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ വൈശാലി വില്‍സണാണ് തട്ടിപ്പിന് ഇരയായത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതന്ന് സ്വയം പരിചയപ്പെടുത്തിയ ആള് മകളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നും വിമാന ടിക്കറ്റ് നിരക്കായ 42,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറിയെങ്കിലും തനിക്കോ മകള്‍ക്കോ വിമാനടിക്കറ്റിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്നാണ് പരാതി.