ന്യൂഡൽഹി: റഷ്യ-യുക്രൈൻ ആക്രമണം നടത്തിയതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നതിനാല്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. വൈകിട്ട് ബാരലിന് 104 ഡോളറിലാണ് എണ്ണ വ്യാപാരം പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ധനകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്താരാഷ്ട്ര ഓഹരിവിപണിയെയും പാടെ തകര്‍ത്തിരിക്കുകയാണ് യൂറോപ്പില്‍ റഷ്യ ഉണ്ടാക്കിയിരിക്കുന്ന യുദ്ധ ഭീതി. എന്നാല്‍ യുക്രൈന് റഷ്യ പ്രതിസന്ധി ഇന്ത്യന്‍ അടുക്കളകളെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റമായിരിക്കും ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 2.5 ദശലക്ഷം ടണ്‍ സണ്‍ ഫ്ളവര്‍ ഓയില്‍ ആണ് ഇന്ത്യയില്‍ ഉപയോഗിച്ച് വരുന്നത്.
അതായത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യ എണ്ണയില്‍ നാലാം സ്ഥാനമാണ് സണ്‍ ഫ്ളവര്‍ ഓയിലിനുള്ളത്. എന്നാല്‍ സണ്‍ഫ്ളവര്‍ ഓയിലിൻ്റെ ആഭ്യന്തര നിര്‍മാണം വെറും 50,000 ടണ്‍ മാത്രമാണ്. ബാക്കിവരുന്ന സണ്‍ ഫ്ളവര്‍ ഓയില്‍ മുഴുവന്‍ ഇറക്കുമതിയിലൂടെയാണ് രാജ്യത്ത് എത്തിക്കുന്നത്. ഇതിനായി കൂടുതല്‍ ആശ്രയിക്കുന്നത് യുക്രൈനെയും റഷ്യയെയും ആണെന്നതും പ്രതിസന്ധി രൂക്ഷമാക്കിയേക്കും.
യുക്രൈയ്നിലെയും റഷ്യയിലെയും കരിങ്കടല്‍ തുറമുഖങ്ങളിലൂടെ പ്രതിമാസം 200,000 ടണ്‍ സണ്‍ഫ്ളവര്‍ ഓയിലാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യം ചരക്ക് നീക്കം പുര്‍ണമായി തടസപ്പെടുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. കരിങ്കടലിലെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത് എന്നാണ് മുംബൈ ആസ്ഥാനമായുള്ള സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിവി മേത്തയുടെ പ്രതികരണം. റഷ്യയും യുക്രൈനും തമ്മില്‍ സംഘര്‍ഷം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെതന്നെ സണ്‍ഫ്ളവര്‍ ഓയിലിൻ്റെ വില കുതിച്ചുയരുന്ന നിലയുണ്ടായിരുന്നു.