ന്യൂഡല്‍ഹി: യുക്രൈയ്നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജിതമാക്കുന്നു. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമേനിയയിലേക്ക് പുറപ്പെടും. ഹംഗറി, പോളണ്ട്, സ്ലൊവാക്, റൊമേനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. അതിര്‍ത്തികളിലെ റോഡു മാർഗം യുക്രൈയ്ന് വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള രെജിസ്ട്രേഷന് ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി. പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രൈയ്ന് അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും.
ഇവിടെയെത്താന്‍ യുക്രൈന് തലസ്ഥാനമായ കീവില്‍ നിന്ന് 12 മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ ക്യാമ്പ് തുറക്കാനാണ് ഇന്ത്യന്‍ തീരുമാനം. ഇതിനായി റൊമേനിയന്‍ സര്‍ക്കാരിൻ്റെ അനുമതി തേടിയിട്ടുണ്ട്. യുക്രൈന് വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ കടക്കുന്നത് അപകടമായതിനാല്‍ റൊമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്‍ നിന്നാകും വിമാനങ്ങള്‍ രക്ഷാ ദൗത്യം നടത്തുക. ചില ഇന്ത്യക്കാര്‍ ഇതിനോടകം കീവിലെ ഇന്ത്യന്‍ എംബസിയില്‍ അഭം തേടിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്തും കനത്ത ആക്രമണമാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.