മോസ്കോ: യുക്രൈനെതിരായ സൈനിക നടപടിയെ പ്രതിഷേധിച്ച് മോസ്കോയില്‍ പുതിനെതിരെ ജനം തെരുവില്‍ ഇറങ്ങി. മോസ്കോ നഗരത്തില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍
പുതിനെതിരെയും യുദ്ധത്തിനെതിരായും മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് നേരിട്ട റഷ്യന്‍ സര്‍ക്കാര്‍ നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കി.
സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഉള്‍പ്പടെയുള്ള നിരവധി റഷ്യന്‍ നഗരങ്ങളിലെ തെരുവുകളില്‍ പ്രക്ഷോഭങ്ങള്‍ നടന്നു. അതിലൂടെ കടന്നുപോയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഹോണ്‍മുഴക്കി പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം നൽകി.
54 നഗരങ്ങളില്‍ നിന്നായി യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്ക് എടുത്ത 1745 റഷ്യന്‍ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 975 പേരെയും മോസ്കോയില്‍ നിന്നാണ് പിടികൂടിയത്.