വാഷിങ്ടൺ: യുക്രൈൻ വിഷയത്തിൽ ഇന്ത്യൻ നിലപാടറിയാൻ ചർച്ചകൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘ഇന്ത്യയുമായി ചർച്ചകൾ നടത്താൻ പോവുകയാണ്. ചില സംഭാഷണങ്ങൾ നടന്നുവരികയാണ്, പ്രധാന തീരുമാനമൊന്നും പറയാറായില്ല’- വൈറ്റ്ഹൗസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു. റഷ്യൻ ആക്രമണത്തിനെതിരെ യുഎസ് നിലപാടെടുത്ത പശ്ചാത്തലത്തിൽ ഇന്ത്യയും യുഎസ് നിലപാടിന് ഒപ്പമാണോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ബൈഡൻ.
യുക്രൈയ്നിലെ പ്രതിസന്ധിയിൽ ഇന്ത്യയും യുഎസും ഒരേ നിലപാടിലല്ല നീങ്ങുന്നത്. റഷ്യക്കെതിരെ കടുത്ത നിലപാടുമായാണ് അമേരിക്ക മുന്നോട്ടുപോകുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബൈഡൻ പറഞ്ഞു. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന വിഷയത്തിൽ ഇന്ത്യ പൂർണമായും അമേരിക്കക്കൊപ്പം നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
റഷ്യൻ കടന്നുകയറ്റത്തെയും അധിനിവേശത്തെയും നിസാരമായി തള്ളാനില്ലെന്നും ഇന്ത്യയുമായി യുക്രൈൻ പ്രതിസന്ധി സംബന്ധിച്ച് ചർച്ച നടത്താൻ ഒരുങ്ങുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. റഷ്യയുമായി ഇന്ത്യക്ക് ചരിത്രപരവും തന്ത്രപരമാവുമായ സൗഹൃദമുണ്ട്. അതേസമയം, കഴിഞ്ഞ ഒന്നര ദശകമായി യുഎസുമായി ഇന്ത്യയുടെ സൗഹൃദം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അണിയറയിൽ റഷ്യയോട് ഇന്ത്യ സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ അമേരിക്കയുടെ ഭാഗത്തുനിന്നും വിമർശനം ഉയരുന്നുണ്ട് എന്നുതന്നെയാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ നൽകുന്ന സൂചന.