തിരുവനന്തപുരം: വൈഷ്ണവം സാഹിത്യ പുരസ്കാരം പ്രശസ്ത നിരൂപകയായ ഡോ. എം ലീലാവതിക്ക്. പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്കാരമാണിത്. കവിയുടെ ജന്മദിനമായ ജൂൺ 2-ന് 1,11,111 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമർപ്പിക്കും. ആർ രാമചന്ദ്രൻ നായർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്കാരത്തിന് ലീലാവതി ടീച്ചറെ തെരഞ്ഞെടുത്തത്.
മലയാളകവിതയിലെ മാറിവരുന്ന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തിൽ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ മുൻകൂർ കണ്ടറിഞ്ഞ് അനുവാചക സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ അനിതരസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള നിരൂപകയാണ് ഡോ. എം. ലീലാവതി എന്ന് ജൂറി അഭിപ്രായപ്പെട്ടു. മൗലികതയുടെ തെളിച്ചമുള്ള ചിന്തകൾകൊണ്ട് പല പതിറ്റാണ്ടുകളായി നമ്മുടെ വിമർശന സാഹിത്യത്തിനു പുതിയ മാനങ്ങൾ സൃഷ്ടിച്ചുപോരുന്ന എം ലീലാവതിയുടെ സംഭാവനകളുടെ സമഗ്രത മുൻനിർത്തിയാണ് അവർക്കു പുരസ്കാരം സമർപ്പിക്കുന്നത്.
മലയാള കവിതാസാഹിത്യ ചരിത്രം, വർണ്ണരാജി, കവിതാധ്വനി, ജിയുടെ കാവ്യജീവിതം, കവിതയും ശാസ്ത്രവും തുടങ്ങിയ കാവ്യ സംബന്ധിയായ കൃതികളും ‘സ്ത്രീ സങ്കൽപം മലയാള നോവലുകളിൽ’ അടക്കമുള്ള നോവൽ പഠനങ്ങളും എം ലീലാവതിയുടേതായുണ്ട്. ‘കവിതയുടെ വിഷ്ണുലോകം’ എന്ന കൃതിയിലൂടെ ലീലാവതി ടീച്ചർ പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കവിതകളെക്കുറിച്ചുള്ള സമഗ്രമായ പഠനവും പുറത്തിറക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് മുതൽ കേന്ദ്ര അക്കാദമി ഫെലോഷിപ്പ് വരെ നേടിയിട്ടുള്ള എം ലീലാവതി സൗന്ദര്യാസ്വാദനത്തിന്റേതായ തനതു നിരൂപണ ശൈലി രൂപപ്പെടുത്തി. പാശ്ചാത്യ, പൗരസ്ത്യ കാവ്യമീമാംസകളുടെ താരതമ്യ പഠനം അടക്കമുള്ള രംഗങ്ങളിലും വിലപ്പെട്ട സംഭാവനകൾ നൽകി.
പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണ നില നിർത്തുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വൈഷ്ണവം ട്രസ്റ്റ് തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. പ്രഭാവർമ്മ പ്രസിഡന്റും, ഡോ. ആർ അജയ് കുമാർ ജനറൽ സെക്രട്ടറിയും, ഡോ. എൻ അദിതി വൈസ് പ്രസിഡൻറും, ഡോ. ശ്രീവത്സൻ നമ്പൂതിരി ട്രഷററും ആയ ട്രസ്റ്റ് കവിയുടെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് (ഫെബ്രുവരി 25) ഔപചാരികമായി മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ഭാരത് ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കവിതകളെ കുറിച്ചുള്ള സെമിനാറും അനുസ്മരണ പ്രഭാഷണം പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ നടത്തും.