കീവ്: ഒരു റഷ്യൻ വിമാനം കീവിലെ ഡാർനിറ്റ്സ്കി ജില്ലയിൽ വെടിവെച്ചിട്ടതായി യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7a കോഷിറ്റ്സിയ സ്ട്രീറ്റിലെ ഒരു വീടിന് സമീപമാണ് ജെറ്റ് തകർന്നതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ ആന്റൺ ഹെരാഷ്ചെങ്കോ പറയുന്നു. നേരത്തെ തലസ്ഥാനത്ത് രണ്ട് സ്ഫോടനങ്ങൾ നടന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ പിന്നാലെയാണ് യുക്രൈനിയൻ അവകാശവാദം.
അതേസമയം, റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ന്യൂസിലൻഡും. റഷ്യൻ സ്ഥാനപതിയെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ പറഞ്ഞു. റഷ്യൻ അധികൃതർക്ക് ന്യൂസിലൻഡ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവച്ചതായും ന്യൂസിലൻഡ്. യുക്രൈൻ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡൻ ആവശ്യപ്പെട്ടു.ന്യൂസിലൻഡിൽ റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി സർക്കാർ പ്രതിഷേധം അറിയിച്ചു.