റഷ്യയുടെ ആക്രമണത്തിലകപ്പെട്ട യുക്രൈനില്‍ നിന്നും വളരെ ഭീതിയോടെയാണ് കഴിയുന്നതെന്ന് മലയാളി വിദ്യാര്‍ഥിനിയായ ആര്യ ബാബു വ്യക്തമാക്കി. യുദ്ധസാഹചര്യത്തില്‍ താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ്, എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് നാട്ടിലേക്ക് തിരിക്കുമെന്നും ആര്യ പ്രതികരിച്ചു. ഒഡേസ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്യ. എറണാകുളം ജില്ലയിലെ മനീട് സ്വദേശിയാണ്.
യുദ്ധത്തിന്റെ വിവരം അറിഞ്ഞതിനു പിന്നാലെ ആര്യയും സുഹൃത്തുക്കളും പുറത്തിറങ്ങി അത്യാവശ്യത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങിവെച്ചിരുന്നു. എടിഎമ്മില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ കയ്യില്‍ ബാക്കിയുണ്ടായിരുന്ന പണമുപയോഗിച്ചാണ് സാധനങ്ങള്‍ വാങ്ങിയത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും വലിയ തിരക്കാണുള്ളത്. പേടികൊണ്ട് ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. വെള്ളത്തിന് ഓര്‍ഡര്‍ ചെയ്തിട്ടും അതൊന്നും കിട്ടിയില്ല. എടിഎമ്മിന് മുന്നില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാലും പണം കിട്ടാത്ത സാഹചര്യമാണുള്ളത്. ഇതുപോലെ തുടര്‍ന്നാല്‍ ഭക്ഷണത്തിന് ദൗര്‍ലഭ്യമുണ്ടാകാനും സാധ്യത ഉണ്ടെന്നും ആര്യ പറയുന്നു.