തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 26 ന് ആരംഭിക്കും. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
26 ന് രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം.
ഈ വർഷം മുതൽ വിദ്യാർഥികൾക്കും ഓഫ്ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡും പ്രളയവും പോലുള്ള ദുരിതങ്ങൾക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവനശ്രമമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 26ാമത് ഐഎഫ്എഫ്കെയിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മധ്യകേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പുതിയ ലോകസിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് 26ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ാമത് ഐഎഫ്എഫ്കെയില് ഉണ്ട്.
അന്തരിച്ച നടന് നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ
ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം കോംപ്ളക്സിലെ ഒളിമ്പിയ ഹാളില്‍ നടന്ന യോഗത്തിൽ അഡ്വ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥി ആയിരുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആമുഖഭാഷണം നടത്തി. 26ാമത് ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണങ്ങളെക്കുറിച്ച് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ വിശദീകരിച്ചു സെക്രട്ടറി സി അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി എന്നിവർ പങ്കെടുത്തു.