കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് എയർബസ് കമ്പനിക്ക് മൂന്നു വിമാനങ്ങൾക്കുകൂടി ഓർഡർ നൽകി. 2014ൽ 28 വിമാനം വാങ്ങാൻ ഒപ്പിട്ട കരാർ പുനഃക്രമീകരിച്ചാണ് മൂന്നെണ്ണംകൂടി അധികരിപ്പിക്കുന്നത്. ഇതോടെ എയർ ബസ് കമ്പനിയുടെ 31 വിമാനങ്ങൾ കുവൈത്ത് എയർവേയ്സിന്റെ ശ്രേണിയിലെത്തും. ഒമ്പത് എയർബസ് എ320 നിയോ, ആറ് എ321 നിയോ, മൂന്ന് എ321നിയോ എൽ.ആർ, നാല് എ330 800 നിയോ, ഏഴ് എ330 900 നിയോ, രണ്ട് എ350 900 എന്നിവയാണത്. ആകെ 600 കോടി ഡോളറിന്റെ കരാറിലാണെത്തിയത്. കോവിഡ് പ്രതിസന്ധിക്കുശേഷം വ്യോമയാന മേഖല വളർച്ച പ്രാപിക്കുമെന്നാണ് പ്രതീക്ഷ.
കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള യാത്രാനിയന്ത്രണങ്ങൾ ഏറ്റവും ബാധിച്ചത് വിമാനക്കമ്പനികളെയാണ്. മാസങ്ങളോളം സർവിസ് മുടങ്ങിയത് കോടികളുടെ നഷ്ടമാണ് വിമാനക്കമ്പനികൾക്കും ട്രാവൽസുകൾക്കും വരുത്തിവെച്ചത്. തൊഴിലാളികളുടെ ശമ്പളം, പാർക്കിങ് ഫീസ് തുടങ്ങി ചെലവുകൾ ഉണ്ടായിരിക്കെ തന്നെ വരുമാനമില്ലാത്ത സ്ഥിതി മാസങ്ങളോളം അനുഭവിച്ചു. ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. കുവൈത്ത് എയർവേസ് ചെയർമാൻ അലി അൽ ദുകാൻ, എയർബസ് ആഫ്രിക്ക ആൻഡ് മിഡിൽ ഈസ്റ്റ് പ്രസിഡൻറ് മികാലി ഹുവാരി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.