മലയാളികളുടെ പ്രിയ നായികയാണ് നസ്രിയ(Nazriya Nazim). അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിലെ ക്യൂട്ട് നായികയായി മാറാൻ നസ്രിയയ്ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഏതാനും ചില ചിത്രങ്ങളിൽ താരം അഭിനയിച്ചു. നസ്രിയ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നടൻ നാനിയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു തിയതി പുറത്തുവിട്ടത്. ടീസറിനൊപ്പമായിരുന്നു റിലീസ് ഡേറ്റും പുറത്തുവിട്ടത്. ജൂൺ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ‘അണ്ടേ സുന്ദരാനികി’ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നസ്രിയ നായികയാകുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും.
മൈത്രി മൂവി മേക്കേർസ് ആണ് നിർമ്മാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.