മനാമ: നാല് പുതിയ സ്ഥലങ്ങളിലേക്ക് കൂടി സർവിസ് ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ഇറ്റലിയിലെ മിലാൻ, റോം, ബ്രിട്ടനിലെ മാഞ്ചസ്റ്റർ, ഫ്രാൻസിലെ നീസ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവിസ് ആരംഭിക്കുന്നത്. മിലാനിലേക്ക് ജൂൺ ഒന്ന് മുതൽ അഞ്ച് പ്രതിവാര സർവിസുകൾ നടത്തും. റോമിലേക്കും മാഞ്ചസ്റ്ററിലേക്കും ആഴ്ചയിൽ രണ്ട് സർവിസാണ് ഉണ്ടാവുക. നീസിലേക്ക് ജൂൺ രണ്ട് മുതൽ ആഴ്ചയിൽ രണ്ട് വിമാനങ്ങൾ സർവിസ് നടത്തും. മിലാൻ, റോം, നീസ് എന്നിവിടങ്ങളിലേക്ക് പുതിയ എയർബസ് 321 നിയോ വിമാനവും മാഞ്ചസ്റ്ററിലേക്ക് ബോയിങ് 787-9 ഡ്രീംലൈനറുമാണ് സർവിസ് നടത്തുന്നത്.
ഇതിന് പുറമെ, ഗ്രീസിലെ മിക്കുനോസ്, സന്തുറീനീ, സ്പെയിനിലെ മലാഗ, ഈജിപ്തിലെ ഷാം എൽ ശൈഖ്, അലക്സാൻഡ്രിയ, ഒമാനിലെ സലാല എന്നിവിടങ്ങളിലേക്ക് സർവിസ് പുനരാരംഭിക്കുന്നതായും ഗൾഫ് എയർ അറിയിച്ചു. പുതിയ സർവിസുകൾ കോവിഡിന് മുമ്പ് തന്നെ പരിഗണനയിൽ ഉണ്ടായിരുന്നതാണെന്ന് ഗൾഫ് എയർ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കാപ്റ്റൻ വലീദ് അൽ അലാവി പറഞ്ഞു. യാത്രകൾ സാധാരണ നിലയിലാകുന്ന സാഹചര്യത്തിൽ സർവിസുകൾ ആരംഭിക്കുന്നതിന് ഇപ്പോൾ ഉചിതമായ സമയമാണെന്നും അദ്ദേഹം പറഞ്ഞു.