തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസ്ലറികളും ബ്രുവറികളും അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ഹർജിയിൽ നേരിട്ട് ഹാജരായി തെളിവു നൽകാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലൻസ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ബ്രുവറികളും ഡിസ്ലറികളും അനുവദിക്കാൻ സർക്കാർ അനുമതി നൽകിയത്. അഴിമതി ആരോപണത്തെ തുടർന്ന് സർക്കാർ അനുമതി പിന്നീട് പിൻവലിച്ചിരുന്നു.
അബ്കാരികളെ സഹായിക്കാൻ കേരളാ സർക്കാർ ചട്ടവിരുദ്ധമായി അനുമതി നൽകിയെന്നാരോപണവുമായാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് ഹർജി. അന്വേഷണത്തിനായി മുൻകൂർ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്ത് ഗവർണർ തള്ളിയതിനെ തുടർന്നാണ് കോടതിയിൽ എത്തിയത്.