കുവൈത്ത് സിറ്റി: റഷ്യ-യുക്രെയ്ൻ പ്രശ്നം യുദ്ധത്തിലേക്ക് നയിക്കപ്പെട്ടാലുള്ള സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് ഭക്ഷ്യ സംഭരണം വർധിപ്പിച്ചു. ഒരുവർഷം വരേക്കുള്ള ഭക്ഷ്യകരുതലുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ആറുമാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കാനുള്ള ഭക്ഷ്യകരുതൽ ശേഖരമുണ്ടെന്ന് അധികൃതർ വിലയിരുത്തി. ഏറ്റവും മോശമായ സാഹചര്യം ഉടലെടുത്ത് ഭക്ഷ്യ ഇറക്കുമതി അസാധ്യമായ ഘട്ടത്തിൽ പോലും ഒരുവർഷം വരെ രാജ്യത്ത് ക്ഷാമമുണ്ടാവില്ല. ചിലപ്പോൾ ഒരുവർഷത്തിനപ്പുറവും ബാക്കിയുണ്ടാവുമെന്ന് സ്റ്റോക് വിലയിരുത്തിയ ശേഷം അധികൃതർ പറഞ്ഞു. പൊതുവെ ആറുമാസം വരേക്കുള്ള സ്ട്രാറ്റജിക് സ്റ്റോക് കരുതാറുള്ള വാണിജ്യ മന്ത്രാലയം കോവിഡ് കാലത്ത് സംഭരണ ശേഷിയും ഇറക്കുമതിയും കൂട്ടി. ഭക്ഷ്യസുരക്ഷയെ കരുതി ജനങ്ങൾ ഭയക്കേണ്ടതില്ലെന്നും സർക്കാർ തയാറെടുപ്പ് നടത്തിയിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. അതേസമയം, കുവൈത്തിന്റെ സമീപ പ്രദേശമല്ലാത്തതിനാലും സംഘർഷത്തിൽ കുവൈത്ത് കക്ഷിയല്ലാത്തതിനാലും ഭക്ഷ്യക്ഷാമ ഭീഷണിയൊന്നുമില്ല. കുവൈത്ത് ഭ േക്ഷ്യൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയും യുക്രെയ്നും ഇല്ല. പൊതുവായ ജാഗ്രതയുടെ ഭാഗമായാണ് കുവൈത്ത് ഭക്ഷ്യസംഭരണം വർധിപ്പിച്ചത്.