അബുദാബി: യുഎഇയുടെ (UAE) വിവിധ പ്രദേശങ്ങളിൽ കനത്ത മൂടൽ മഞ്ഞ് (Fog) രൂപപ്പെടുന്നതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകി. വാഹനം ഓടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Centre of Meteorology) അറിയിച്ചു. രാജ്യത്തിന്റെ ഉൾ പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ദൂരക്കാഴ്ച (horizontal visibility) കൂടുതൽ തടസപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച (2022 ഫെബ്രുവരി 23) രാത്രി 11 മണി മുതൽ വ്യാഴാഴ്ച (ഫെബ്രുവരി 24) രാവിലെ 9.30 വരെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വാഹനങ്ങൾ ഓടിക്കുന്നവർ റോഡുകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും എല്ലാ ഗതാഗത നിയമങ്ങളും കർശനമായി പാലിക്കണമെന്നും അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. മൂടൽ മഞ്ഞ് ഉള്ള സമയങ്ങളിൽ റോഡുകളിലെ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധിയാണ് പാലിക്കേണ്ടത്.