തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി തുടങ്ങുന്ന ബെവ്കോ വെയർ ഹൗസുകളിലും ഡിസ്റ്ററികളിലും എക്സൈസ് ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ എക്സൈസ് കമ്മീഷണർ. ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകി. മദ്യനീക്കം നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ മതിയെന്നാണ് സർക്കാർ ഉത്തരവ്.
ബെവ്ക്കോ വെയർ ഹൗസുകളിൽ ഒരു സിഐ, ഒരു പ്രവൻറീവ് ഓഫീസർ-രണ്ട് സിവിൽ എക്സൈസ് ഓഫീസറുമാണു നിലവിലുള്ളത്. ഇപ്പോഴുള്ള 23 ബെവ്ക്കോ ഗോഡൗണുകളിലും എത്തുന്ന മദ്യത്തിൻ്റെ സാമ്പിൾ പരിശോധന, ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന മദ്യത്തിൻ്റെ അളവിൻ്റെ പരിശോധന എന്നിവയെല്ലാം എക്സൈസ് ഉദ്യോഗസ്ഥർ നടത്തണമെന്നാണ് ചട്ടം.
ഡിസ്ലറികളിലും സമാനമായി എക്സൈസിൻ്റെ നിയന്ത്രണമുണ്ട്. ഗോഡൗണിൽ ജോലി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളം നൽകേണ്ടത് ബെവ്ക്കോയാണ്. എന്നാൽ സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന 17 ബെവ്ക്കോ ഗോഡൗണുകളിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ മാത്രം മതിയെന്നാണ് സർക്കാർ ഉത്തരവ്. ഉദ്യോഗസ്ഥർക്ക് പകരം സിസിടിവി വെച്ചുള്ള പരിശോധന മതിയെന്നാണ് നികുതി സെക്രട്ടറിയുടെ ഉത്തരവ്.
ബെവ്ക്കോ എംഡിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവ് നിയമവിരുദ്ധമമെന്നാണ് എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണൻ സർക്കാരിനെ അറിയിച്ചത്. വ്യാജ മദ്യം തടയുന്നതിനും, മദ്യവിൽപ്പനയിൽ ക്രമക്കേടുണ്ടാകാതിരിക്കാനുമാണ് അബ്കാരി ചട്ട പ്രകാരം ഉദ്യോഗസ്ഥരുടെ സാനിധ്യമുള്ളത്. ഇത് മാറ്റി ഒരു ഉത്തരവിറക്കണമെങ്കിൽ നിയമം മാറ്റിയെഴുതണം. എക്സൈസ് വകുപ്പുമായി ആലോചിക്കാതെയുള്ള ഉത്തരവിൽ അതൃപ്തിയും കമ്മീഷണർ അറിയിച്ചു.
ഒരു ഉദ്യോഗസ്ഥനെ കൊണ്ടു മാത്രം ഗോഡൗണിലിയോ ഡിസലറിയിലോയോ ജോലികള്‍ മുഴുവൻ ചെയ്തു തീക്കാനാവില്ലെന്നും എക്സൈസ് കമ്മീഷണർ സർക്കാരിനെ അറിയിച്ചു. കൂടുതൽ വെയ്ർ ഹൗസുകള്‍ ആരംഭിക്കുമ്പോള്‍ കൂടുതൽ തസ്തികള്‍ തുടങ്ങണമെന്നും എക്സൈസ് കമ്മീഷണർ സർക്കാരിനെ അറിയിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ സാനിധ്യം ഗോഡൗണുകളിൽ നിന്നും ഒഴിവാക്കാനുള്ള ബോധപൂർവ്വമായ ശ്രമം ഉണ്ടായോന്ന് ആക്ഷേപവും എക്സൈസ് ഉദ്യോഗസ്ഥർക്കിടിലുണ്ട്.