കൊച്ചി: തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. നിലവിൽ പുരോഗമിക്കുന്ന വിചാരണ നടപടിക്രമങ്ങൾ നീട്ടികൊണ്ടുപോകാനാണ് തുടരന്വേഷണം വേണമെന്ന ആവശ്യമുയർത്തിയിരിക്കുന്നതെന്നാണ് ദിലീപിൻ്റെ നിലപാട്.
തുടരന്വേഷണത്തിൻ്റെ പേരിൽ നടപടിക്രമങ്ങൾ അനന്തമായി നീട്ടുന്നതിൽ നേരത്തെ കോടതി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോടതി നിലപാട് നിർണായകമാവും. അതേസമയം, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ അറിയിച്ചിട്ടുള്ളത്.
കൂടാതെ ഫോറൻസിക് പരിശോധനാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹർജിയിൽ കക്ഷി ചേർന്ന നടിയും കോടതിയെ അറിയിച്ചിരുന്നു. കേസിൽ മാധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ മറ്റൊരു ഹർജിയും സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.