മലയാളത്തിൻ്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ വിയോഗത്തിൻ്റെ സങ്കടത്തിലാണ് കലാകേരളം. മലയാളികള്‍ അത്രമേല്‍ സ്നേഹിച്ച ഒരു കലാകാരിയാണ് വിടപറഞ്ഞിരിക്കുന്നത്. കെപിഎസി ലളിതയുടെ ഓർമകൾ പങ്കുവച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് ശങ്കർ. കെപിഎസി ലളിതയ്ക്ക് അഭിനയം ജീവനും ജീവനുമായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത് ശങ്കര്‍ പറഞ്ഞു. ‘സു സു സുധി വാത്മീക’ത്തിൻ്റെ ഷൂട്ടിനിടയിൽ സംഭവിച്ച ഹൃദയസ്പർശിയായ സംഭവം ഓർത്തെടുത്താണ് അദ്ദേഹം കെപിഎസി ലളിതയെ അനുസ്മരിച്ചത്.
രഞ്ജിത് ശങ്കറിൻ്റെ വാക്കുകൾ:
‘സു സു സുധി വാത്മീക’ത്തിൽ സുധിയുടെ കല്യാണ നിശ്ചയം ഷൂട്ട് ചെയ്തത് ലളിത ചേച്ചിയുടെ കാർമികത്വത്തിലാണ്. ആ സീനിൽ സുധി ഏതു വിരലിലാണു മോതിരം ഇടേണ്ടത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകൻ്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്. അന്ന് ഗുരുതരമായ ഒരപകടം പറ്റി സിദ്ധു ഐസിയുവിൽ ആണ്. ആ സിനിമ പൂർത്തിയാക്കാൻ ആശുപത്രിയിൽ നിന്നാണ് ചേച്ചി വന്നത്. മറ്റേത് സിനിമ ആണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു. കാരണം ചേച്ചിക്ക് അഭിനയം ജീവനും ജീവിതമായിരുന്നു. ഇനി നമുക്ക് അങ്ങനെ ഒരു നടിയില്ല. പ്രണാമം..