മുംബൈ: കള്ളപ്പണ വെളിപ്പിക്കൽ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ വിട്ടു. മാർച്ച് മൂന്ന് വരെയാണ് മാലിക്കിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കള്ളപ്പണക്കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടെതാണ് നടപടി.
വീട്ടിലെ ഭക്ഷണവും മരുന്നും അനുവദിക്കണമെന്ന നവാബ് മാലിക്കിന്റെ ഹർജി നാളെ പരിഗണിക്കും. ചോദ്യം ചെയ്യൽ അഭിഭാഷകന്റെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം എതിർക്കില്ലെന്ന് ഇഡി അറിയിച്ചു.
അതേസമയം, നവാബ് മാലിക് രാജി വെക്കേണ്ടതില്ലെന്ന് മഹാ വികാസ് അഘാഡി മുന്നണി തീരുമാനിച്ചു. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളും ഒരേ നിലപാടാണ് സ്വീകരിച്ചത്.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട അധോലോക കള്ളപ്പണ വെളിപ്പിക്കൽ കേസിലാണ് 62 കാരനായ മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്. ഇന്ന് രാവിലെ ആറിന് നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇഡി സംഘം അദ്ദേഹത്തെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പിന്നീട് മാലിക്കിനെ ഇഡി ഓഫീസിലേക്കു കൊണ്ടുപോയി. ഇവിടെ നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ഇതേ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.