മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിനു പിന്നാലെ അറസ്റ്റ് ചെയ്തു. രാവിലെ ആറിന് നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ സംഘം അദ്ദേഹത്തെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായും ദാവൂദിന്റെ സഹായികളുടെ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നവാബ് മാലിക്കിനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ദാവൂദിന്റെ കൂട്ടാളികളുമായുള്ള സാമ്പത്തിക, ഭൂമി ഇടപാടുകള്‍ ആരോപിച്ചാണ് മാലിക്കിനെ ചോദ്യം ചെയ്തതെന്ന് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോട്ട് ചെയ്തു.
എന്നാല്‍, ചോദ്യങ്ങളില്‍ നിന്ന് നവാബ് മാലിക്ക് ഒഴിഞ്ഞുമാറിയെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്ലിനൊടുവില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അടുത്തിടെ, കേസുമായി ബന്ധപ്പെട്ട് ഇഡി ഒന്നിലധികം റെയ്ഡുകള്‍ നടത്തുകയും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നവാബ് മാലിക് വാങ്ങിയ സ്വത്തുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ടെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച കാലത്ത് മാലിക്കിന്റെ വസതിയില്‍ ഇഡിയെത്തി ചോദ്യം ചെയ്യുകയായിരുന്നു. രാവിലെ ആറ് മണിയോടെ മാലിക്കിന്റെ വസതിയില്‍ എത്തിയ ഇഡി ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഓഫിസിലേക്ക് വിളിച്ചു വരുത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു അറസറ്റ്.
അറസ്റ്റിനു പിന്നാലെ ദക്ഷിണ മുംബൈയിലെ ഇഡി ഓഫീസിന് സമീപമുള്ള പാർട്ടി ആസ്ഥാനത്ത് എൻസിപി പ്രവർത്തകർ പ്രതിഷേധിക്കുകയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസിക്കും എതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിൽ നവാബ് മാലിക് ദുരൂഹത ആരോപിച്ചിരുന്നു. കേന്ദ്രസർക്കാരിനും ബിജെപി നേതാക്കന്മാർക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്രമന്ത്രിയാണ് നവാബ് മാലിക്ക്. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.