തൃശ്ശൂർ:മലയാളത്തിന്റെ മഹാനടിക്ക് വിട .കെപിഎസി ലളിതയുടെ സംസ്കാരം നടന്നു.വൈകീട്ട് ആറ് മണിയോടെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മകൻ സിദ്ധാർത്ഥ് ചിതയ്ക്ക് തീകൊളുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് കെപിഎസി ലളിതയെ ഒരു നോക്കു കാണാൻ എങ്കക്കാട്ടിലെ വീട്ടിലേക്കും പൊതുദർശന വേദികളിലേക്കും ഒഴുകിയെത്തിയത്.
ലളിതയുടെ ഭർത്താവും സംവിധായകനുമായ ഭരതൻ്റെ പാലിശ്ശേരി തറവാട്ടിലേക്ക് വൈകിട്ട് 3.30-ഓടെയാണ് മൃതദേഹം എത്തിച്ചത്. തുടർന്ന് അരമണിക്കൂറോളം മൃതദേഹം പൊതുദർശനത്തിനായി ഇവിടെവച്ചു. പൊതുദർശനത്തിന് ശേഷം ലളിത നിർമ്മിച്ച ഓർമ എന്ന വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയി. തുടർന്ന് അടുത്ത ബന്ധുക്കൾ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തി. തുടർന്നാണ് മൃതദേഹം സംസ്കാരത്തിനായി എടുത്തത്.
ചൊവ്വാഴ്ച രാത്രി 10.45 ഓടെയായിരുന്നു ലളിതയുടെ അന്ത്യം. മകന്, നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ഭരതന്റെ കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.