മലപ്പുറം: ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചതിൽ മനം നൊന്ത് ലോറി ഡ്രൈവറായ യുവാവ് ജീവനൊടുക്കി. ലോറി ഡ്രൈവറായ മുതിയേരി ബിജുവാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തെ തുടർന്ന് ബിജു വളരെയധികം മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തി. മലപ്പുറം ജില്ലയിലെ വെട്ടം ആലിശ്ശേരിയിലാണ് സംഭവം നടന്നത്.
നാലുമാസം മുമ്പാണ് ബിജു ഓടിച്ചിരുന്ന ഫർണിച്ചർ ലോറി, റോഡു മുറിച്ചു കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ അതേ ലോറിയിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യെ ബിജുവിന്റെ മടിയിൽ കിടന്നാണ് ഇയാൾ മരിച്ചത്. സംഭവത്തെ തുടർന്ന് ഈ യുവാവിന് വിഷാദ രോഗം ബാധിച്ചിരുന്നു. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ബിജുവിനെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.