ലോകരാഷ്ട്രങ്ങൾ ഉറ്റു നോക്കുകയാണ് ഇപ്പോൾ ഉക്രയ്നിലേക്ക്. യുദ്ധം ഏതുനിമിഷവും ഉണ്ടാകും എന്ന ഭീതിയിലാണ് ജനങ്ങൾ. ഉക്രയ്ൻ സംഘർഷത്തിന്റെ എട്ടു വർഷം പിന്നിടുമ്പോഴും ഇപ്പോഴും സംഘർഷങ്ങൾക്ക് യാതൊരു മാറ്റവും ഇല്ല. ഏതു നിമിഷവും വെടിയുതിർക്കൽ നേരിടേണ്ടിവരുമെന്ന പേടിയിൽ കഴിയുകയാണ് ഉക്രയ്ൻ ജനത. 1991ൽ സോവിയറ്റ് യൂനിയന്റെ പതനത്തോടെയാണ് ഉക്രയ്ൻ സ്വതന്ത്ര രാജ്യമാവുന്നത്. പിന്നീട് കൂടുതൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി നാറ്റോ തങ്ങളുടെ സഖ്യം വികസിപ്പിക്കാൻ തുടങ്ങി. 2004ൽ ബാൾടിക് റിപബ്ലിക്കുകളായ ലാത്വിയ, ലിത്വേനിയ, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളെ നാറ്റോ തങ്ങളുടെ അംഗങ്ങളാക്കി. 2008ൽ യുക്രെയ്ന് അംഗത്വം നൽകാൻ നാറ്റോ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ റഷ്യ എതിർത്തു. റഷ്യയുമായി അതിർത്തി പങ്കിടുന്ന ഉക്രയ്ന് അംഗത്വം നൽകുന്നത് തങ്ങൾക്ക് ഭീഷണിയാവുമെന്ന് വ്ലാദ്മിർ പുടിൻ കരുതി. മാത്രമല്ല, സാംസ്കാരികമായും ഭാഷാപരമായും രാഷ്ട്രീയപരമായും യുക്രെയ്ൻ റഷ്യയുടെ ഭാഗമാണെന്ന നിലപാട് അദ്ദേഹം പ്രകടിപ്പിച്ചു.
അതേസമയം, യൂറോപ്പിന്റെയും നാറ്റോയുടേയും ഭാഗമാവാനാണ് ഭൂരിപക്ഷം യുക്രെയ്ൻകാരും ആഗ്രഹിച്ചത്. ഇ.യുവിൽ ചേരാനുള്ള കരാറിൽ ഒപ്പിടാൻ വിസമ്മതിച്ച റഷ്യൻ അനുകൂല പ്രസിഡന്റിനെതിരെ 2014ൽ കിയവിൽ കൂറ്റൻ റാലി നടന്നു. തുടർന്ന് യുക്രെയ്ന് കീഴിലെ ക്രിമിയ പിടിച്ചടക്കി റഷ്യ മേഖലയിലെ ആധിപത്യം വർധിപ്പിച്ചു. റഷ്യൻ പിന്തുണയുള്ള വിമതരും യുക്രെയ്ൻ സൈന്യവുമായുള്ള സംഘർഷത്തിൽ ഇതുവരെ 14,000 പേരാണ് കൊല്ലപ്പെട്ടത്. 2014ൽ ബെലറൂസിലെ മിൻസ്കിൽവെച്ച് റഷ്യയും യുക്രെയ്നും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചു. എന്നാൽ, കരാർ ലംഘിക്കപ്പെട്ടു. തുടർന്ന് 2015ൽ ഫ്രാൻസിന്റേയും ജർമനിയുടേയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും വീണ്ടും വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു. ഡോണെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ വിഘടിത മേഖലകളായ അംഗീകരിച്ച് അതിലെ വ്യവസ്ഥകളാണ് പുടിൻ ഒടുവിൽ ലംഘിച്ചിരിക്കുന്നത്.
ഉക്രയ്നിൽ സംഭവിക്കുന്നത് എന്ത്?
കഴിഞ്ഞ എട്ടുവർഷമായി ഉക്രയ്ൻ പട്ടാളം ഏറ്റുമുട്ടുന്നത് സ്വന്തം ജനതയോടാണ്. കഴിഞ്ഞവർഷം മാത്രം അവർ 1923 തവണ വെടിനിർത്തൽ കരാർ ലംഘിച്ചു. അവിടത്തെ മനുഷ്യാവകാശലംഘനത്തിന് നേരെ കണ്ണടയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും അത്തരം സംഭവങ്ങൾ പോലും റഷ്യയ്ക്കെതിരെ ഉപയോഗിക്കുവാനാണ് ശ്രമിക്കുന്നത്. ഉക്രയ്ൻ എന്ന രാജ്യത്തോടോ, അവിടത്തെ ജനങ്ങളോടോ അല്ല അവർക്ക് താൽപ്പര്യം. മേഖലയിലെ ശക്തിയായി വളർന്നുവരുന്ന റഷ്യയുടെ പ്രസക്തി ഇല്ലാതാക്കുക എന്നതാണ്. അതിനിടയിൽ ഉക്രയ്ന്റെ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രൂപം കൊടുത്ത മിൻസ്ക് പാക്കേജിന്റെ അടിസ്ഥാനത്തിൽ ചർച്ച തുടരാൻ പോലും ഉക്രയ്ൻ തയ്യാറാകുന്നില്ല. ഉക്രയ്ൻ, റഷ്യ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ഉച്ചകോടിയിൽ തീരുമാനിച്ചതും പിന്നീട് ഐക്യരാഷ്ട്ര സുരക്ഷ കൗൺസിൽ അംഗീകരിച്ചതുമാണ് മിൻസ്ക് പാക്കേജ്. ഉക്രയ്ൻ ഉൾപ്പെട്ട് രൂപംകൊടുത്ത മിൻസ്ക് പാക്കേജിൽ നടപടിയെടുക്കുവാൻ തയ്യാറാകുന്നതിന് പകരം സ്വന്തം ജനങ്ങളോട് ഏറ്റുമുട്ടുകയാണ് അവർ ചെയ്യുന്നത്. മാത്രമല്ല, മിൻസ്ക് കരാർ അനുസരിച്ച് റഷ്യ മധ്യസ്ഥനാണ്.
ഇതിനിടയിലാണ് ക്രിമിയയിൽ റഷ്യൻ സമുദ്രാതിർത്തിയിലേക്ക് 2021 ജൂണിൽ ബ്രിട്ടീഷ് യുദ്ധക്കപ്പലായ ഡിഫന്റർ അതിക്രമിച്ച് കടന്നത്. റഷ്യ കപ്പലിനെ തുരത്തി. തങ്ങളുടെ കപ്പൽ റഷ്യൻ സമുദ്രാതിർത്തിയിൽ കടന്നതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ന്യായീകരിച്ചു. ക്രിമിയയുടെ മേലുള്ള അവകാശം ഇപ്പോഴും ബ്രിട്ടന്റെ സൗഹൃദരാജ്യമായ ഉക്രയ്ന് ആണ് എന്ന് സ്ഥാപിക്കാനാണ് യുദ്ധക്കപ്പലയച്ചത് എന്നായിരുന്നു ബ്രിട്ടന്റെ വാദം. ഇത് റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നതിൽ സംശയമില്ല. മിൻസ്ക് പാക്കേജനുസരിച്ചുള്ള പ്രശ്നപരിഹാരത്തിനു പകരം ഉക്രയ്ന് ആയുധവും സാമ്പത്തികസഹായവും നൽകുന്ന അമേരിക്കയും നാറ്റോയിലെ മറ്റ് അംഗരാജ്യങ്ങളും ഉക്രയ്നെ സഹായിക്കുകയല്ല, റഷ്യയെ വളഞ്ഞ് ആക്രമിക്കാനുള്ള സൈനിക താവളം തീർക്കുകയാണ്.
നാറ്റോ അംഗരാജ്യങ്ങളും ഉക്രയ്നും ചേർന്ന് 2021 ൽ മാത്രം ഏഴ് സൈനിക അഭ്യാസങ്ങൾ നടത്തി. ഇതിനെ പ്രതിരോധിക്കാൻ റഷ്യ സ്വീകരിക്കുന്ന മാർഗങ്ങളെ, ഉക്രയ്നെതിരെയുള്ള ആക്രമണത്തിന്റെ തയ്യാറെടുപ്പായി ചിത്രീകരിക്കുന്നത് വാദി, പ്രതിയാകുന്നതുപോലെയാണ്. അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റഷ്യാവിരുദ്ധ രാജ്യങ്ങളുടെ കൈപ്പിടിയിലായതിന്റെ ഫലമാണിത്. ആയിരത്തിലേറെ വർഷമായി ഒരേ ദേശക്കാരെപ്പോലെ ജീവിക്കുന്നവരാണ് റഷ്യൻ–-ഉക്രയ്ൻ ജനത. ആദ്യത്തെ കിഴക്കൻ സ്ലാവിക് സ്റ്റേറ്റായ കിവിയൻ റൂസിലേക്ക് വേരുള്ളതാണ് ഈ ബന്ധം. പക്ഷെ ഇത് മനസ്സിലാക്കാത്ത ഉക്രയ്നിലെ ചില രാഷ്ട്രീയക്കാർ പാശ്ചാത്യശക്തികളുടെ കളിപ്പാവയാകുകയാണ്. ഇത് ഇപ്പോൾ തുടങ്ങിയതല്ല. സോവിയറ്റ് യൂണിയൻ രൂപീകരിക്കുന്ന വേളയിലും എന്തിന്, രണ്ടാം ലോകയുദ്ധ സമയത്തുപോലും ഉണ്ടായി. പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ റഷ്യൻ സംസ്കാരത്തോട് ഏറ്റവും അടുത്തു നിൽക്കുന്നതും ഉക്രയ്നും ബലറൂസ് ജനതയുമാണ്. അതുകൊണ്ടാണ് ഉക്രയ്ൻ റഷ്യയുടെ ശത്രുവാകരുതെന്നും അടുത്തു നിൽക്കേണ്ടവരാണെന്നും പുടിൻ പറയുന്നത്.
നാറ്റോയുടെ സൈനികത്താവളമായി ഉക്രയ്ൻ മാറിയാൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നതിനാൽ അത് തടയേണ്ടത് റഷ്യയുടെ ആവശ്യമാണ്. സ്വന്തം മണ്ണിലാണ് റഷ്യ സൈനികവിന്യാസം നടത്തുന്നത്, അതും ചില പ്രാഥമിക ഉറപ്പുകൾ കിട്ടിയാൽ പിൻമാറാൻ തയ്യാറായി. പക്ഷെ അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും റഷ്യക്കരികിൽ ഉക്രയ്നെ കേന്ദ്രീകരിച്ച് പടയൊരുക്കുകയാണ്. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ച ചെയ്ത് പ്രശ്നപരിഹാരത്തിനാണ് റഷ്യ ശ്രമിക്കുന്നത്. റഷ്യൻ ഫെഡറേഷന്റെ നാറ്റോ സഖ്യരാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി റഷ്യയും അമേരിക്കയും തമ്മിലുള്ള ചർച്ചയിൽ ഉരുത്തിരിഞ്ഞ് വന്ന ‘ഡ്രാഫ്റ്റ് ട്രീറ്റി’ പാശ്ചാത്യരാജ്യങ്ങൾക്ക് 2021 ഡിസംബറിൽ തന്നെ റഷ്യ അയച്ചുകൊടുത്തിരുന്നു. അതനുസരിച്ച് കിഴക്കോട്ടുള്ള നാറ്റോയുടെ വിപുലീകരണവും റഷ്യൻ അതിർത്തികളിൽ പ്രത്യേകിച്ച് നാറ്റോ രാജ്യങ്ങളുടെ സൈനിക വിന്യാസവും തടയേണ്ടതാണ്. രണ്ടാം ലോകയുദ്ധത്തിൽ റഷ്യക്കാരും ഉക്രയ്ൻകാരുമുൾപ്പെടെ പോരാടി മരിച്ചത് രണ്ട് കോടി എഴുപത് ലക്ഷം സോവിയറ്റ് ജനതയാണ്. യുദ്ധക്കെടുതികൾ ഏറ്റവും കൂടുതൽ അറിയാവുന്നതും അത് ലോകത്തെ ഓർമിപ്പിക്കുന്നതും റഷ്യയാണ്. അതുകൊണ്ടുതന്നെ റഷ്യ യുദ്ധം ഒരിക്കലും ആഗ്രഹിക്കുന്നില്ല. പക്ഷെ ആ സമീപനം മുതലെടുത്ത് രാജ്യസുരക്ഷയ്ക്കെതിരെ നീങ്ങുന്ന ശക്തികൾക്കു മുന്നിൽ കണ്ണടയ്ക്കുന്ന സർക്കാരല്ല റഷ്യയിലുള്ളത്.