മസ്കത്ത്: ഒമാൻ അസംസ്കൃത എണ്ണ വില വീണ്ടും ഉയർന്നു. ഏപ്രിലിൽ വിതരണം ചെയ്യേണ്ട അസംസ്കൃത എണ്ണക്ക് ബാരലിന് 96.51 ഡോളറാണ് ദുബൈ മാർക്കൈന്റൽ എക്സ്ചേഞ്ചിൽ ചൊവ്വാഴ്ച വില. തിങ്കളാഴ്ചത്തെ എണ്ണ വിലയെക്കാൾ 4.27 ഡോളർ കൂടുതലാണിത്. തിങ്കളാഴ്ച 92.24 ഡോളറായിരുന്നു വില. 2014 സെപ്റ്റംബറിന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. അസംസ്കൃത എണ്ണ വില ഇനിയും വർധിക്കാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വില താമസിയാതെ ബാരലിന് 100 ഡോളറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. കോവിഡ് പ്രതിസന്ധിയിൽനിന്ന് തല ഉയർത്തി വരുന്ന ലോക രാജ്യങ്ങൾക്ക് എണ്ണ വില വർധന വലിയ തിരിച്ചടിയാവും. നിലവിലെ അവസ്ഥയിൽ വില ഉയരുന്നത് പണപ്പെരുപ്പം വർധിക്കാൻ കാരണമാക്കും. ലോക രാജ്യങ്ങളിൽ അവശ്യ ഉൽപന്നങ്ങളുടേതടക്കം എല്ലാത്തിനും വില വർധിക്കാൻ കാരണമാക്കും. ഇന്ത്യ അടക്കമുള്ള എണ്ണ ഉപഭോഗ രാജ്യങ്ങളെയാണ് ഏറെ പ്രതികൂലമായി ബാധിക്കുക.
ഇറാൻ ആണവ കരാർ ചർച്ച വിജയത്തിലെത്താത്തതാണ് നിലവിൽ എണ്ണ വില വർധിക്കാൻ കാരണം. ഇറാൻ ആണവ കരാർ ചർച്ച വിജയം കാണുമെന്നും ഇറാൻ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും ലോക രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതോടെ ലോക വിപണിയിൽ ഇറാൻ എണ്ണ എത്തുമെന്നും അതോടെ എണ്ണയുടെ ഡിമാൻഡ് കുറയുമെന്നും കരുതിയിരുന്നു. എന്നാൽ, ഇറാൻ ചർച്ചകൾ വിജയം കാണാത്തതാണ് വില വർധിക്കാൻ കാരണം. അതോടൊപ്പം യുക്രെയ്നിൽ വീണ്ടും യുദ്ധസാധ്യത ഉയർന്ന് വന്നതും എണ്ണ വില ഉയരാൻ കാരണമായിട്ടുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവ് സാമ്പത്തിക നയങ്ങൾ ശക്തമാക്കിയതും മറ്റൊരു കാരണമാണ്. എണ്ണ വില വർധിക്കുന്നത് ഒമാൻ സാമ്പത്തിക വ്യവസ്ഥക്ക് അനുഗ്രഹമാവും. എണ്ണ ബാരലിന് 50 ഡോളർ എന്ന നിരക്കിലാണ് ഒമാൻ 2022 ബജറ്റ് തയാറാക്കിയിരിക്കുന്നത്. എണ്ണ വില ബജറ്റിൽ കണക്കാക്കിയതിനെക്കാൾ ഇരട്ടിയിലേക്ക് എത്തുകയാണ്. ഒമാൻറെ ബജറ്റ് കമ്മി ഇല്ലാതാക്കാനും സഹായിക്കും. എന്നാൽ, എണ്ണ വില വർധിക്കുന്നത് ഒമാന് പണപ്പെരുപ്പം വർധിക്കില്ല. രാജ്യാന്തര വിപണിയിൽ എണ്ണ വില എത്ര വർധിച്ചാലും 2021 ഒക്ടോബറിലെ നിരക്കായിരിക്കും ഈടാക്കുകയെന്ന് ഒമാൻ ഭരണാധികാരി നേരത്തെ ഉത്തരവിറക്കിയിരുന്നു.