അഞ്ചാലുമ്മൂട്: നാളികേര ഗവേഷണ കേന്ദ്രത്തിലെ ഉദ്ദ്യോഗസ്ഥന് ചമഞ്ഞ് പൊതുജനങ്ങളെ വഞ്ചിച്ച യുവാവിനെ അഞ്ചാലുമ്മൂട് പോലീസ് പിടികൂടി. കൊല്ലം മുളവന വില്ലേജില്‍ പേരയം പടപ്പക്കര റൂഫസ് ഭവനില്‍ ജോണ്സണ് മകന് നിവിന്‍ (31) ആണ് പോലീസ് പിടിയിലായത്. അഞ്ചാലുമ്മൂട് ഞാറയ്ക്കല്‍ പ്രദേശത്ത് ഇയാള്‍ കേരഗ്രാമം കൃഷി ഉദ്ദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ധാരാളം വീടുകളില്‍ തട്ടിപ്പ് നടത്തുകയായിരുന്നു.
കേരള സര്‍ക്കാരിന്റെ ഫോട്ടോ ഐഡന്റിറ്റി ടാഗ് ധരിച്ച് എത്തിയ ഇയാള്‍ കൃഷി ഉദ്ദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. സരസമായ സംഭഷണത്തിലൂടെ സന്ദര്‍ശിക്കുന്ന വീടുകളിലെ വ്യക്തികളെ കൈയ്യിലെടുക്കുന്ന ഇയാള്‍ തെങ്ങിന്റെ രോഗ കീടബാധയകറ്റാന്‍ കേരഗ്രാമം പദ്ധതി പ്രകാരം പ്രത്യേകം വികസിപ്പിച്ച മരുന്ന് ഗവണ്മെന്റിന് വേണ്ടി വിതരണം ചെയ്യുകയാണെന്നാണ് നാട്ടുകാരെ വിശ്വസിപ്പിച്ചത്. തെങ്ങ് ഒന്നിന് മരുന്ന് തളിക്കുന്നതിന് 200 രൂപയാണ് ഇയാള്‍ ചാര്‍ജ്ജ് ചെയ്തിരുന്നത്.
മരുന്ന് തളിക്കുന്നതില്‍ സംശയം തോന്നിയ പ്രദേശവാസിയും പോലീസ് സബ്ബ് ഇന്‍സ്പെക്ടറുമായ അനന്‍ബാബു ഇയാളോട് ജോലിയെ സംബന്ധിച്ച് അന്വേഷിച്ചു. തൃപ്തികരമായ മറുപടി നല്കാന് കഴിയാതിരുന്നതിനെ തുടര്‍ന്ന് അഞ്ചാലുംമ്മൂട് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇയാള്‍ സര്‍ക്കാര്‍ ഐഡിന്റിറ്റിയും മറ്റും വ്യാജമായി നിര്‍മ്മിച്ച് സാധാരണ വളം ഇട്ട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് വ്യക്തമായി.
ഇയാളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വ്യാജ രസീതും മറ്റും കണ്ടെടുത്തു. തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന് ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയതിനും നിലവാരമില്ലാത്ത വസ്തുക്കള്‍ നല്കി ജനങ്ങളെ വഞ്ചിച്ചതിനും അഞ്ചാലുംമ്മൂട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, അനന്‍ബാബു, ബാബുക്കുട്ടന്‍പിളള എ.എസ്.ഐ ഓമനക്കുട്ടന്, സി.പി.ഒമാരായ സുനില്‍ ലാസര്‍, മുഹമ്മദ് ഷാഫി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.