അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കെപിഎസി ലളിതയുമായുള്ള ഓര്‍മ്മകള്‍ ദുല്‍ഖര്‍ പങ്കുവച്ചത്. ഒരുമിച്ചുള്ള ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവച്ചു. താരം കുറിച്ച വാക്കുകൾ ആരാധകര്‍ക്കും വേദനയാവുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാനും കെപിഎസി ലളിതയും ഒരുമിച്ച രംഗങ്ങൾ എന്നും കുടുംബപ്രേക്ഷകര്‍ ഓർത്തു വയ്ക്കുന്നതാണ്.
അമ്മയും മകനുമായി അഭിനയിക്കണമെന്നു പറഞ്ഞാണ് അവസാനം കണ്ടു പിരിഞ്ഞതെന്ന് ദുൽഖർ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘സ്ക്രീനിലെ എൻ്റെ ഏറ്റവും മികച്ച ജോടി, എനിക്ക് ഏറ്റവുമധികം സ്നേഹം തോന്നിയ സഹതാരം. ഒരു നടി എന്ന നിലയിൽ അവർ മാസ്മരികമായിരുന്നു. ആ പുഞ്ചിരി പോലെ തന്നെ ആ പ്രതിഭയും അവർക്കു ലളിതമായിരുന്നു. എപ്പോഴും വാക്കുകളെക്കാൾ അപ്പുറമായി അഭിനയം കാഴ്ച വയ്ക്കുന്നയാൾ. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന അവസാന ദിവസം എടുത്തതാണ് ഈ ചിത്രങ്ങൾ. പിരിഞ്ഞു പോകാൻ തോന്നിയില്ല അന്ന്. സ്നേഹചുംബനങ്ങളും ആലിംഗനങ്ങളും ഞാൻ ആവശ്യപ്പെട്ടു.
നിരന്തരം കലഹിക്കുന്ന അമ്മയും മകനുമായി ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് അന്നു പറയുമായിരുന്നു. ഞങ്ങൾ ഒരുമിച്ചുള്ള സമയങ്ങൾ ഇനിയും ഒരുപാടുണ്ടാകുമെന്നു ഞാൻ കരുതി. ചക്കരേ എവിടെയാ എന്നു ചോദിച്ചാണ് ഞങ്ങൾ എപ്പോഴും പരസ്പരം മെസേജുകൾ അയച്ചു തുടങ്ങിയിരുന്നത്’, ദുൽഖർ സൽമാൻ കുറിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. നടിയുടെ വിയോഗ വാർത്ത മലയാള സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. താരങ്ങളെല്ലാം കെപിഎസി ലളിതയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അനുശോചനം അറിയിച്ചെത്തി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fposts%2F499831231501584&show_text=true&width=500