ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പിലിഭിട്ട്, ലഘിംപുര്‍ ഖേരി, സിതാപുര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്നൗ, റായ്ബറേലി, ബണ്ട, ഫത്തേപുര്‍ ജില്ലകളിലെ 59 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അഖിലേഷ് യാദവ്, പ്രിയങ്കഗാന്ധി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇന്ന് 5, 6 ഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രചരണ റാലികളുടെ ഭാഗമാകും. നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 621 സ്ഥാനാര്‍ഥികളില്‍ 121 പേര് ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാണ്. നാലാം ഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത സുരക്ഷാസംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 403 നിയമസഭ മണ്ഡലങ്ങളാണുള്ളത്. ഇതിൽ ആദ്യ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഇതിനോടകം തന്നെ പൂത്തിയായി. കർഷക കൂട്ടക്കൊല നടന്ന ലഖിംപുർ ഖേരിയിലും ഇന്നാണ് വോട്ടെടുപ്പ്. ഒക്ടോബർ മൂന്നിന് നടന്ന സംഘർഷത്തിലാണ് ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടത്. ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ സംഭവം രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. എന്നാൽ വോട്ടെടുപ്പ് നടക്കുന്ന 59 സീറ്റുകളിൽ 51 എണ്ണവും 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കൊപ്പമായിരുന്നു. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലി ലോക്സഭ മണ്ഡല പരിധിയിലും ഇന്നാണ് വോട്ടെടുപ്പ്.
ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിൽ സംസ്ഥാനത്ത് പ്രധാന പോരാട്ടം നടക്കുന്നതിനിടെ സംസ്ഥാനത്ത് കോൺഗ്രസിന്റെ അവശേഷിക്കുന്ന ചില ശക്തികേന്ദ്രങ്ങളും ഇന്ന് പോളിങ് ബൂത്തിലെത്തുന്നുണ്ട്. 2017 ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിൻ്റെ സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബി എസ് പി ക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളുമാണ് ലഭിച്ചത്. ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഈ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.