കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ (KPAC Lalitha) സംസ്കാരം (Funeral) ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത(75) അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകത്തിലൂടെ അഭിനയരംഗത്തെത്തി. രണ്ട്പ്രാവശ്യം മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും (അമരം–1991, ശാന്തം–2000) നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (1975 –നീലപ്പൊന്മാന്, 1978–ആരവം, 1990 –അമരം), 1991 –കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്, സന്ദേശം) ലഭിച്ചു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു.