മലയാള സിനിമയുടെ ലാളിത്യത്തിന്റെ മുഖമായിരുന്ന കെപിഎസി ലളിതയുടെ വിടവാങ്ങൽ തീർക്കുന്ന വിടവ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ലളിതവും സുന്ദരവും ഗംഭീരവുമായ ഒരു അഭിനയ ജീവിതമാണ് അരങ്ങൊഴിയുന്നത്. വേഷമേതായാലും ഭാവമേതായാലും കാണുന്നവന്റെ ഉള്ളിൽ കേറിയിരിക്കാൻ പാകത്തിന് അനായേസേനയുള്ള അഭിനയമായിരുന്നു ലളിതയുടെ മുഖമുദ്ര. സിനിമയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം വിപ്ലവമായിരുന്നു ഒരു കാലത്ത് സിനിമയുടെ ഒപ്പം നടക്കാൻ തുടങ്ങിയ ധീരതയാണ് നമുക്ക് നഷ്ടമായത്.
പകരം വെക്കാൻ ആളില്ലാത്ത അഭിനയ മികവായിരുന്നു എക്കാലവും ലളിതയെ വേറിട്ട് നിർത്തിയത്. ചെയ്ത ഓരോ കഥാപാത്രങ്ങൾ എടുത്ത് നോക്കിയാലും അവർക്ക് പകരം ആ സ്ഥാനത്തേക്ക് മറ്റൊരാളെ പകരം വെക്കാൻ നമുക്ക് കഴിയില്ല. അമ്മയായും അമ്മൂമ്മയായും പൊങ്ങച്ചക്കാരിയായും പാവം സ്ത്രീയായും ദുഷ്ടയായും ഏഷണിക്കാരിയായും ഭാര്യയായും എന്നുവേണ്ട തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമായിരുന്നു കെപിഎസി ലളിതയുടേത്. അഭിനയത്തെ ഇത്രയേറെ ലളിതമാക്കിയ മറ്റൊരു മലയാള നായിക ഇല്ലെന്ന് തന്നെ പറയാം.
തന്റെ ശബ്ദ സാന്നിധ്യത്തിന് പോലും ഏറെ ഓളങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അവർ സിനിമയിലൂടെ തെളിയിച്ചു. ഒരു മതിലിനപ്പുറത്ത് നിന്ന് സംസാരിക്കുന്ന കാതരയായ കാമുകിയായ നാരായണിയെ മലയാളികൾ മനസ്സിൽ കണ്ടത് ലളിതയുടെ ശബ്ദത്തിലൂടെയായിരുന്നു. ബഷീറിന്റെ മതിലുകളിലെ നാരായണിയെ തന്റെ ശബ്ദം കൊണ്ട് അവർ അനശ്വരയാക്കി തീർത്തു.
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകൾ ചെയ്ത് തീർത്താണ് അവർ വിടവാങ്ങുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 ന് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവിയുടെയും മകളായിട്ടായിരുന്നു ലളിതയുടെ ജനനം. മഹേശ്വരിയെന്നായിരുന്നു യഥാർത്ഥ പേര്. തോപ്പിൽ ഭാസിയാണ് മഹേശ്വരി എന്ന പേര് മാറ്റി കെപിഎസി ലളിതയാക്കിയത്.
ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലും എസ്.എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിന്റെ ‘കാക്കപ്പൊന്ന്’ എന്ന നാടകത്തിലും അഭിനയിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. കെപിഎസിയിൽ എട്ടുവർഷത്തോളം തുടർച്ചയായി അഭിനയിച്ച ലളിത മലയാള നാടകരംഗത്ത് ശ്രദ്ധേയയാകാൻ അധികകാലം വേണ്ടി വന്നില്ല. സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അവർ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു.
തോപ്പിൽഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന നാടകം 1969ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിതയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ‘ഒതേനന്റെ മകൻ’, ‘വാഴ്വെ മായം’, ‘ത്രിവേണി’, ‘അനുഭവങ്ങൾ പാളിച്ചകൾ’ തുടങ്ങിയ സിനിമകളിലൂടെ അവർ സിനിമാ ലോകത്ത് തന്റേതായ ശ്രദ്ധ പതിപ്പിച്ചു.
‘ചക്രവാള’ത്തിൽ നസീറിന്റെയും ‘കൊടിയേറ്റ’ത്തിൽ ഭരത് ഗോപിയുടെയും നായിക. പിന്നീട് ജീവിത പങ്കാളിയായ ഭരതനാണ് ആ അഭിനേത്രിയുടെ സാധ്യത പുറത്തെടുത്തത്. മർമരം, ആരവം, രതിനിർവേദം, പാർവതി, നിദ്ര, ചാട്ട, ഓർമയ്ക്കായി, തുടങ്ങിയവ അവരുടെ ജീവിതത്തിലെ നിർണായക സിനിമകളായി.
“അമര’ത്തിലെ കഥാപാത്രം ഏറെ പ്രകീർത്തിക്കപ്പെട്ടു. കടലോര ഗ്രാമത്തിലെ അരയ സ്ത്രീയുടെ വേഷം. കഥാപാത്രത്തെ അവതരിപ്പിക്കുകയല്ല പൂർണമായും കഥാപാത്രമായി രൂപാന്തരപ്പെടുകയായിരുന്നു. യഥാർഥ അരയസ്ത്രീകളെപ്പോലും അസൂയപ്പെടുത്തിയ രീതിയിലാണ് അവിടുത്തെ ഭാഷയും രീതിയും അവർ അവതരിപ്പിച്ചത്.
കാറ്റത്തെ കിളിക്കൂടിലെ ഇന്ദിരാതമ്പി, ടി പി ബാലഗോപാലൻ എംഎയിൽ മോഹൻലാലിന്റെ ചേച്ചി, സന്മസുള്ളവർക്ക് സമാധാനത്തിലെ കാർത്യായനി അമ്മ, വിയറ്റ്നാം കോളനിയിലെ ജാനകി, ഇന്നസെന്റിന്റെ ജോഡിയായി എത്തിയ ഗജകേസരി യോഗം, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങി മലയാളി എക്കാലവും ഓർക്കുന്ന വേഷങ്ങളിലും സിനിമകളിലും അവർ തന്റെ പ്രതിഭയുടെ കയ്യൊപ്പുചാർത്തി.
1978ലായിരുന്നു സംവിധായകൻ ഭരതനുമായുള്ള വിവാഹം. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ അടുപ്പം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. 1998 ൽ ഭരതൻ വിടവാങ്ങുന്നത് വരെ അവരുടെ ജീവിതവും സിനിമയും ഒരുപോലെ മുന്നോട്ട് നീങ്ങി. ഭരതന്റെ മരണത്തിന് ശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്ന ലളിത, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ലൂടെ വീണ്ടും സജീവമായി. ‘കാതലുക്ക് മര്യാദൈ’, മണിരത്നത്തിന്റെ ‘അലൈപായുതേ’, ‘കാട്രുവെളിയിടെ’ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ് ചിത്രങ്ങൾ.
ഏറെ പുരസ്കാരങ്ങൾ നേടിയ കെപിഎസി ലളിതയെ തേടി ദേശീയ – സംസ്ഥാന അവാർഡുകളും എത്തിയിട്ടുണ്ട്. 1991ൽ ‘അമ’രത്തിലൂടെയും 2000ത്തിൽ ‘ശാന്ത’ത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നിങ്ങനെ നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു ലളിത. എന്നും സിപിഐഎമ്മിനൊപ്പം അടിയുറച്ച് നിന്ന ലളിതയെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില് വടക്കാഞ്ചേരിയില് മത്സരിപ്പിക്കുന്നതിന് സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ പാർട്ടിയിലെ ചില എതിർപ്പുകളെ തുടർന്ന് മത്സരരംഗത്ത് നിന്ന് അവർ ഒഴിവാക്കപ്പെട്ടു. എങ്കിലും ഇടത് സ്ഥാനാർഥികൾക്കായി പ്രചാരണത്തിൽ അവർ മുന്നിൽത്തന്നെയുണ്ടായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിത കൂടിയായിരുന്നു അവർ.
അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഭിനയ രംഗത്ത് അവർ മാറിനിന്നിരുന്നു. ചികിത്സയും വിശ്രമവുമായി കഴിയുന്നതിനിടെയാണ് എഴുപത്തിനാലാം വയസിൽ അവർ അഭിനയങ്ങളില്ലാത്ത ലോകത്തേക്ക് വിടപറഞ്ഞത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ‘ഭീഷ്മ പര്വ’ത്തിൽ കാർത്യയാനിയമ്മ, ‘ഒരുത്തീ’ സിനിമയില് നവ്യാ നായരുടെ അമ്മയുടെ വേഷം എന്നിവയാണ് അവസാനമായി അവർ അഭിനയിച്ചത്.