ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടിവി സംവാദത്തിന് ക്ഷണിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ അത് ഉപകരിക്കുമെന്നും റഷ്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
“നരേന്ദ്ര മോദിയുമായി ടിവിയിൽ സംവാദം നടത്താൻ താൻ ഏറെ ആഗ്രഹിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ സംവാദത്തിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ജനങ്ങൾക്ക് പ്രയോജനകരമാകും.”- അഭിമുഖത്തിൽ ഇമ്രാൻ വ്യക്തമാക്കി.
പാകിസ്ഥാന് ഇന്ത്യ ഒരു ശത്രുരാജ്യമായിത്തീര്ന്നതോടെ അവരുമായുള്ള വ്യാപാരബന്ധത്തില്‍ വലിയ പ്രശ്നങ്ങളുണ്ടായി. അത് തിരുത്താനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്. എല്ലാ രാജ്യങ്ങളുമായും നല്ല രീതിയില്‍ വ്യാപാര ബന്ധം പുലര്‍ത്തുകയെന്നതാണ് തന്റെ സര്‍ക്കാരിന്റെ നയമെന്നും ഇമ്രാന് ഖാന് അവകാശപ്പെട്ടു.
അതേസമയം, പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കണമെന്നും തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താന്‍ തയ്യാറാകണമെന്നും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.