ദോഹ: മലിനജലം ഉൾപ്പെടെ പുറന്തള്ളുന്ന വെള്ളം ശുദ്ധീകരണകേന്ദ്രത്തിലെത്തിക്കാനും ശുദ്ധീകരിക്കപ്പെട്ട വെള്ളം വിതരണം നടത്താനുമായി സജ്ജമാക്കുന്ന കൂറ്റൻ ഡ്രെയ്നേജ് ടണൽ നിർമാണത്തിന് തുടക്കം കുറിച്ചു. 13 കിലോമീറ്റർ ദൈർഘ്യത്തിലാണ് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ നേതൃത്വത്തിൽ അൽ വക്റ, അൽ വുകൈർ മേഖലകളിലായി കൂറ്റൻ ഡ്രെയ്നേജ് തുരങ്കം നിർമിക്കുന്നത്.
ഡ്രെയ്നേജ് പാതയുടെ ആദ്യഘട്ട നിർമാണത്തിന് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചതായി അധികൃതർ അറിയിച്ചു. സ്വകാര്യ-പൊതുമേഖല പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. ടണൽ ബോറിങ് മെഷീൻ ഉപയോഗിച്ച് നടക്കുന്ന തുരങ്കത്തിൻറെ നിർമാണം അശ്ഗാൽ ഉന്നത സംഘം പരിശോധിച്ചു. ഡ്രെയ്നേജ് നെറ്റ്വർക് പ്രോജക്ട് വിഭാഗം മാനേജർ എൻജിനീയർ ഖാലിദ് സൈഫ് അൽ ഖയാറീൻറെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ മേൽനോട്ടത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്.
അൽവക്റ, അൽ വുകൈർ മേഖലകളിലെ ജലം ഒഴുകിപ്പോകാനും അവ ശുദ്ധീകരണ പ്ലാൻറിലെത്തിക്കാനുമുള്ള വൻ സജ്ജീകരണത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ ഡ്രെയ്നേജ് ടണൽ നിർമിക്കുന്നത്. പ്രതിദിനം 150 ദശലക്ഷം ലിറ്റർ വെള്ളം ഒഴുകുന്ന വിധത്തിലാണ് ടണലിൻറെ ശേഷി. നിലവിലെയും ഭാവിയിലെയും പ്രദേശത്തെ ആവശ്യങ്ങൾകൂടി കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തത്.
4.5 മീറ്റർ വ്യാസവും 13.3 കി.മീ ആകെ നീളവുമുള്ള തുരങ്കം ഖത്തറിലെതന്നെ ഏറ്റവും വലിയ ഡ്രെയ്നേജ് ശൃംഖലയാണെന്ന് എൻജിനീയർ ഖാലിദ് സൈഫ് അൽ ഖയാറീൻ പറഞ്ഞു. 85.9 കോടി റിയാലാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. മേഖലയിലെ ഡ്രെയ്നേജുകളെ ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയും മലിനജലം ശുദ്ധീകരിച്ച ലൈനുകളും ഉൾപ്പെടെ 150 കോടി റിയാലിൻറെ പദ്ധതിയാണ് നടപ്പാക്കുന്നത്. 2024 രണ്ടാം പാദത്തോടെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.