മനാമ: സൗദി അറേബ്യയിലെ ജീസാനുനേരെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണ ശ്രമമുണ്ടായത്. ജനവാസകേന്ദ്രങ്ങളെയും ജനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്താൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ നിലപാട് എടുക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.