ഗവര്‍ണറെ (Governor) പുറത്താക്കാന്‍ സംസ്ഥാന നിയമസഭകൾക്ക് (Legislative Assembly) അധികാരം നല്‍കണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയതിനു പിന്നാലെ ഉയര്‍ന്നു കേട്ട പേരാണ് പൂഞ്ചി കമ്മീഷൻ(punchhi commission). ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച എന്നിവ ഉണ്ടായാൽ നിയമസഭയ്ക്ക് ഗവർണറെ പുറത്താക്കാന്‍ അധികാരം ഉണ്ടാകണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് പഠിച്ച റിട്ട. ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി റിപ്പോർട്ടിന് (Punchhi report) മറുപടിയായാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശയിൽ കേരളത്തിന് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഗവർണറും ഗവർണറെ മാറ്റാൻ നിയമസഭയ്ക്ക് അധികാരം നൽകണമെന്ന് പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിൽ കേരളവും പറഞ്ഞു.
നിയമ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഗവർണറെ പദവിയിൽനിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണം. ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ കേന്ദ്ര സേനയെ വിന്യസിക്കാൻ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം നിർദേശിക്കുന്നു.
എന്താണ് പൂഞ്ചി കമ്മീഷൻ റിപ്പോർട്ട്?
(Data source- http://interstatecouncil.nic.in/punchhi-commission/)
2007 ഏപ്രിലിലാണ് കേന്ദ്ര സർക്കാർ പൂഞ്ചി കമ്മീഷനെ നിയമിച്ചത്. സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി ചെയർമാനായി നാലംഗ കമ്മീഷനായിരുന്നു പൂഞ്ചി കമ്മീഷൻ. പിന്നീട് ഒരാൾ കൂടി കമ്മീഷനൊപ്പം ചേർന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കാര്യങ്ങളിൽ തീർപ്പു കല്പിക്കുകയായിരുന്നു കമ്മീഷന്‍റെ ദൗത്യം. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്.
പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ ഗവർണറുമായി ബന്ധപ്പെട്ട വിഷയങ്ങൾ
35 വയസ്സ് പൂർത്തിയായ ആരെയും ഗവർണറായി നിയമിക്കാമെന്നാണ് പൂഞ്ചി കമ്മീഷൻ ശുപാർശ. എന്നാൽ, ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കുന്ന ആളെ വേണം ഗവർണറായി നിയമിക്കാനെന്നും സജീവ രാഷ്ട്രീയക്കാരൻ എന്നത് പദവിക്ക് തടസ്സമാകരുതെന്നും സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു. ഗവർണറെ തിരിച്ചു വിളിക്കാനുള്ള അവസരം ഉണ്ടാകണമെന്നും ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിച്ചുവേണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.
ഭരണഘടനാ ലംഘനം കണ്ടെത്തുമ്പോഴോ ചാൻസലർ പദവിയിൽ വീഴ്ച വരുത്തുമ്പോഴോ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച വന്നാലോ സംസ്ഥാന സഭയ്ക്ക് ഗവർണറെ പുറത്താക്കാന്‍ അധികാരം വേണം. ഗവർണറുടെ വിവേചനാധികാരം നിജപ്പെടുത്തണം. സർക്കാർ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾക്ക് അനുമതി കിട്ടാൻ കാലതാമസം ഉണ്ടാകുന്നു. കാലതാമസം ഉണ്ടാകാതെ തീരുമാനമെടുക്കാൻ നടപടി ഉണ്ടാകണം.
പ്രോസിക്യൂഷൻ അനുമതിക്ക് ഗവർണർ സുപ്രീംകോടതി നിർദേശങ്ങളാണ് പാലിക്കേണ്ടതെന്നും മന്ത്രിസഭയുടേതല്ലെന്നുമാണ് പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. എന്നാൽ ഇതിനെ സംസ്ഥാന സർക്കാർ എതിർക്കുന്നു. മന്ത്രിസഭയാണ് പരമാധികാരിയെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. പല കാര്യങ്ങളിലും ഗവർണർക്ക് വിവേചനാധികാരം ഇല്ല. എന്നാൽ, ചില കാര്യങ്ങളിൽ അദ്ദേഹത്തിനു വിവേചനാധികാരം നൽകണം. സംസ്ഥാന സർക്കാരുമായി സംഘർഷമുണ്ടാതെ ഇത് പ്രയോഗിക്കാനും ഗവർണർക്ക് കഴിയണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഗവർണറുടെ വിവേചനാധികാരം നിജപ്പെടുത്തണമെന്നാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട്.
മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശയോട് സംസ്ഥാന സർക്കാരും യോജിക്കുന്നു. സർവകലാശാലകൾ സംസ്ഥാനത്തിന്റെ വിഷയമാണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ക്രമസമാധാന പ്രശ്നം ഉണ്ടായാൽ കേന്ദ്ര സേനയെ വിന്യസിക്കാൻ സംസ്ഥാനവുമായി ആലോചിക്കണമെന്നാണ് പൂഞ്ചി കമ്മീഷൻ ശുപാർശ. എന്നാൽ, ഇതിന് സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നാണ് സർക്കാർ പറയുന്നത്.
ഗവർണറായി നിയമിക്കപ്പെടുന്ന വ്യക്തി കഴിഞ്ഞ വർഷങ്ങളിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ആളാവണം എന്നും പൂഞ്ചി കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, സജീവ രാഷ്ട്രീയക്കാരൻ എന്നത് പദവിക്കു തടസ്സമാകരുത് എന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത്.
ഭരണഘടനാ 356–ാം അനുച്ഛേദം അനുസരിച്ച് സർക്കാരിനെ പിരിച്ചുവിടുന്നതിനു മുൻപ് 7 ദിവസത്തെ സാവകാശം നൽകണം. ഭരണഘടനാ അനുഛേദം 355, 356 അനുസരിച്ച് സംസ്ഥാനത്തിനു പകരം പ്രശ്നബാധിത മേഖലകൾ മാത്രം ഗവർണറുടെ അധികാര പരിധിയിൽ കൊണ്ടുവരണം. ഇത്തരം അധികാര പരിധി മൂന്ന് മാസത്തിൽ കൂടാൻ പാടില്ല എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.