കണ്ണൂർ: കണ്ണൂരിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇരുപതിലധികം വെട്ടുകൾ ശരീരത്തിലേറ്റിരുന്നു. വലതു കാലിൽ മാരകമായ നാല് വെട്ടുകൾ ഉണ്ടായിരിന്നു. തുടയ്ക്കും വെട്ടേറ്റു. ഇരു കൈകളിലും ഗുരുതരമായി പരുക്കേറ്റെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവത്തിൽ പുന്നോൽ കെവി ഹൗസിൽ വിമിൻ, പുന്നോൽ ദേവി കൃപ വീട്ടിൽ അമൽ മനോഹരൻ, ഗോപാൽ പേട്ട സ്വദേശി സുനേഷ്, കൊമ്മൽവയൽ സ്വദേശി ലിജേഷ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
കൊമ്മൽ വാർഡ് കൗൺസിലർ ആയ ലിജേഷ് ബി ജെ പി മണ്ഡലം പ്രസിഡന്റ് കൂടിയാണ്. ഇവർക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് പൊലീസിന്റെ അന്വേഷണം. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്.