തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ മറ്റൊരു ബദലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുകയെന്നും വിശദീകരിച്ചു. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പദ്ധതിയുടെ നിര്‍മ്മാണം.
പദ്ധതി പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്നത് ശരിയല്ല. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ പഠനം നടക്കുകയാണ്. പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ പദ്ധതിക്ക് തുടക്കമിട്ടവര്‍ തന്നെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിതെന്നും സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു .