കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിൽ ഹരിദാസൻ്റെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നിലവിൽ 7 പേരാണ് കസ്റ്റഡിയിലുള്ളത്. ഇതിൽ ബിജെപി കൗൺസിലർ ലിജേഷ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവർക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് പോലീസിൻ്റെ അന്വേഷണം. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പോലീസ് ഊർജിതമാക്കി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഒളിവിലാണെന്നാണ് അറിയുന്നത്. പുന്നോലിൽ കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് ഹരിദാസിൻ്റെ കൊലപാതകത്തിന് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭയിലെ മഞ്ഞോടി വാർഡ് കൗൺസിലറുമായ കെ ലിജേഷ് നടത്തിയ പ്രസംഗം വിവാദമായിരുന്നു.
കൊലപാതകത്തിന് പിന്നാലെ ലിജേഷ് അടക്കം ഏഴ് ബിജെപി ആർഎസ്എസ് പ്രാദേശിക നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇവർക്ക് കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്നാണ് നിഗമനം. കസ്റ്റഡിയിലുള്ള മൂന്ന് പേർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താനാണ് പോലീസിൻ്റെ നീക്കം. ഇതിനിടെ, കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ വീടിന് സമീപത്ത് നിന്ന് മാരകായുധങ്ങൾ കണ്ടെത്തി.
ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ഒരു വാളും ഇരുമ്പുദണ്ഡും കണ്ടെത്തിയത്. ഇതേതുടർന്ന് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും വീടിന്റെ പരിസരത്തും സമീപ പ്രദേശങ്ങളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. മാരകായുധങ്ങൾ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ മേൽനോട്ടത്തിൽ ആറു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് കേസിന്റെ അന്വേഷണം നടത്തുന്നത്.