കോട്ടയം: മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച എഎസ്ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി. പൊലീസ് സ്റ്റേഷനുള്ളില്‍ വച്ചാണ് എഎസ്ഐയ്ക്ക് മര്‍ദ്ദനമേറ്റത്.
കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതേ സ്റ്റേഷനിലെ പൊലീസുകാര്‍ തമ്മിലാണ് കയ്യാങ്കളി നടന്നത്. ഞായറാഴ്ച രാവിലെയാണ് സ്റ്റേഷനുള്ളില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യേറ്റമുണ്ടായത്.
സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു തര്‍ക്കങ്ങള്‍ക്ക് തുടക്കം. വനിതാ പോലീസുകാരിയുടെ മൊബൈല്‍ ഫോണിലേക്ക് അഡീഷണല്‍ എസ്.ഐ. അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതുസംബന്ധിച്ച് നേരത്തെ ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായും വിവരമുണ്ട്. ഞായറാഴ്ച രാവിലെ സന്ദേശം സംബന്ധിച്ച് വീണ്ടും തര്‍ക്കമുണ്ടാകുകയും വനിതാ പോലീസുകാരി അഡീഷണല്‍ എസ്.ഐ.യെ മര്‍ദിക്കുകയുമായിരുന്നു.
കോട്ടയം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.