ശിവമോഗ: കര്‍ണാടക ശിവമോഗയില്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. 26കാരനായ ഹര്‍ഷയെന്ന യുവാവാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. ബജ്റംഗ് ദളിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട യുവാവ്. സംഭവത്തില്‍ അഞ്ച് പ്രതികളാണ് ഉള്‍പ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര പറഞ്ഞു.
കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷാവസ്ഥ പരിഗണിച്ച് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ എന്ന യുവാവിനെ അക്രമികള്‍ കുത്തിക്കൊന്നത്. ഇയാള്‍ തയ്യല്‍ക്കാരനായി ജോലി നോക്കുകയായിരുന്നു. ബജ്റംഗളിന്റെ ‘പ്രകണ്ഡ സഹകാര്യദര്‍ശി’ ചുമത വഹിച്ചിരുന്ന നേതാവാണ് ഹര്‍ഷ. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാളെ കാറിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ക്രമസമാധാനനില നിലനിര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.