മോസ്കോ: യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ തങ്ങളുടെ സെെനിക പോസ്റ്റ് തകര്‍ന്നതായി റഷ്യ. ഒരാൾ കൊല്ലപ്പെട്ടെന്നും റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ സൈന്യമെന്നാണ് റഷ്യയുടെ ആരോപണം. എന്നാൽ ഇതു സംബന്ധിച്ച് യുക്രെയ്ൻ പ്രതികരണം നടത്തിയിട്ടില്ല.
റഷ്യ-യുക്രൈന് അതിര്‍ത്തിയില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് സംഭവം നടന്നതെന്ന് എഫ്എസ്ബിയെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിയന്‍ പ്രദേശത്ത് നിന്നുള്ള ഷെല്‍ റഷ്യയിലെ റോസ്തോവ് മേഖലയിലെ അതിര്‍ത്തി സെെനിക പോസ്റ്റ് പൂര്‍ണ്ണമായും നശിപ്പിച്ചതായി റഷ്യയുടെ എഫ്എസ്ബി സുരക്ഷാ സര്‍വീസ് തിങ്കളാഴ്ച അറിയിച്ചതായി ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശത്ത് യുക്രൈനിയന്‍ സേന നടത്തുന്ന ഇടയ്ക്കിടെയുള്ള ഷെല്ലാക്രമണം വ്യാഴാഴ്ച മുതല്‍ കൂടുതല്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന് ആക്രമണമുണ്ടായതായുള്ള റഷ്യയുടെ വാദം പുറത്തുവരുന്നത്.
അതേസമയം, ഈ വാര്‍ത്ത യുക്രൈന് സൈന്യം നിഷേധിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങളും എഫ്.എസ്.ബി പുറത്തുവിട്ടിരുന്നു. ഒരു ഒറ്റമുറി കെട്ടിടവും, ചിതറിക്കിടക്കുന്ന റഷ്യന്‍ പതാകയുടെ അവശിഷ്ടങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്.
യുക്രൈന് നേരെയുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെ ചൊല്ലി ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശത്ത് യുക്രൈന് സൈന്യം ഇടയ്ക്കിടെ ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു.
അതേസമയം, യുക്രെയ്ൻ പ്രതിസന്ധിയിൽ അമേരിക്കയുമായി ചർച്ചയ്ക്ക് സമയമായിട്ടില്ലെന്ന് റഷ്യ നിലപാട് അറിയിച്ചു. ബൈഡനും- പുടിനും തമ്മിലുള്ള ഉച്ചകോടിയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നത് അപക്വമാണ്. ഇരുവരും ആഗ്രഹിച്ചാൽ കൂടിക്കാഴ്ചയ്ക്ക് തടസമില്ലെന്നും ക്രെംലിൻ വക്താവ് പറഞ്ഞു.