തിരുവനന്തപുരം: തലശേരിയില് സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആർ.എസ്.എസ് – ബി.ജെ.പി നീക്കമാണെന്ന് സിപിഎം. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ തൊഴിൽ കഴിഞ്ഞ് മടങ്ങവെ ഇരുളിൽ പതിയിരുന്ന ആർ.എസ്.എസ് സംഘം മൃഗീയമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും സംസ്ഥാന സക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് പേരെ വകവരുത്തുമെന്ന് കഴിഞ്ഞ ദിവസം ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് കൊലവിളി നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഹരിദാസിനെ കൊലപ്പെടുത്തിയതെന്നും സിപിഎം ആരോപിച്ചു. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള അക്രമണങ്ങൾ നടത്തുന്നത്. ഇതിന്റെ മുന്നോടിയായി രണ്ട് മാസം മുൻപ് കേരളത്തിലെ എല്ലാ ജില്ലകളിലും ആർഎസ്എസുകാർക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി നടത്തിയെന്നും സിപിഎം ആരോപിച്ചു. 3000-ലധികം ആളുകളാണ് ആ പരിപാടിയിൽ പങ്കെടുത്തത്. ആർ.എസ്.എസ് നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായി ഒരു അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾക്കെതിര ശക്തമായ നടപടിയെടുക്കുകയും ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ചര വർഷ കാലയളവിൽ ഹരിദാസടക്കം 22 പ്രവർത്തകരെയാണ് പാർട്ടിയക്ക് നഷ്ടമായത്. ഇതിൽ 16 പേരെ കൊലപ്പെടുത്തിയതും ആർഎസ്എസാണെന്നും സിപിഎം പറയുന്നു. കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തി സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആർഎസ്എസുകാർ കരുതേണ്ട.
സിപിഎം പ്രവർത്തർ പ്രകോപനത്തിൽപെടരുതെന്നും കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ആർഎസ്എസ് ക്രിമിനൽ സംഘത്തെ ഒറ്റപ്പെടുത്തണമെന്നും സിപിഎം അഭ്യർത്ഥിച്ചു. ഹരിദാസിൻെറ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്. കൊലപാതകത്തിനെതിരെ ബഹുജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.