തിരുവനന്തപുരം;പി.ടി തോമസിന്റെ അവിശ്വസനീയമായ വേര്‍പാടും പി.ടി ഇല്ലാത്ത നിയമസഭയും യു.ഡി.എഫിന് ഉള്‍ക്കൊള്ളാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഭൂമിയില്‍ ജീവിച്ച് കൊതി തീരാതെയാണ് അദ്ദേഹം നമ്മളില്‍ നിന്നും വേര്‍പെട്ടു പോയത്. ഒരു കാലത്ത് മനുഷ്യന് ചെന്നെത്താന്‍ ബുദ്ധിമുട്ടിയിരുന്ന ഇടുക്കിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും കടന്നു വന്ന് കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇടിമുഴക്കങ്ങളുണ്ടാക്കിയിട്ടാണ് പി.ടി തോമസ് കടന്നു പോയത്. നിലപാടുകളിലെ കാര്‍ക്കശ്യമാണ് പി.ടിയെ വ്യത്യസ്തനാക്കിയിരുന്നത്. കാര്യങ്ങള്‍ പഠിച്ച് മനസിലാക്കി തനിക്കുണ്ടാകുന്ന ബോധ്യങ്ങളിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാനും ആ ബോധ്യങ്ങളില്‍ ഉറച്ചു നില്‍ക്കാനും അദ്ദേഹം എന്നും കരുത്ത് കാട്ടിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലെ അഗ്നിയായിരുന്നു പി.ടി തോമസ്. വിദ്യാര്‍ഥി രാഷ്ട്രീയ കാലത്തെ തീ അവസാന ശ്വാസം വരെ കാത്തു സൂക്ഷിച്ചിരുന്നു. ഏറ്റെടുക്കുന്ന നിയോഗങ്ങള്‍ പൂര്‍ണതയിലെത്തിക്കാനുള്ള പ്രതിബന്ധത പുലര്‍ത്തിയിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ മാത്രമല്ല പാരിസ്ഥിതിക പ്രശ്നങ്ങളിലും പി.ടിക്ക് ഉറച്ച നിലപാടുകളുണ്ടായിരുന്നു. ആ നിലപാടുകള്‍ പിന്നീട് വിവാദങ്ങളായി മാറിയിട്ടുണ്ട്. എന്നാല്‍ അതിലൊന്നും വീട്ടുവീഴ്ച ചെയ്യാതെ, തളര്‍ന്നു പോകാതെ, പിന്തിരിഞ്ഞോടാതെ, അതിനെ മറികടക്കാനുള്ള ആര്‍ജ്ജവത്തോടെ എന്നും നിലനിന്നു.
കിട്ടാവുന്ന രേഖകള്‍ മുഴുവന്‍ സമാഹരിച്ച് തന്റെ വാദമുഖങ്ങളെ സമ്പന്നമാക്കുവാന്‍ ഗവേഷണം നടത്തുകയും പഠനം നടത്തുകയും ചെയ്യുമായിരുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തു മാത്രമല്ല സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘മാനവ സംസ്കൃതി’യുടെ പ്രവര്‍ത്തനങ്ങളും സാംസ്കാരിക പ്രവര്‍ത്തകരുമായുള്ള ബന്ധവും പരന്ന വായനയും എഴുതാനുള്ള ആഗ്രഹവുമൊക്കെ സാംസ്കാരിക രംഗത്തും അദ്ദേഹത്തെ വ്യത്യസ്തനാക്കി.
പി.ടി ഒരു പോരാളിയായിരുന്നു. എല്ലാ പോരാട്ടങ്ങളുടെയും മുന്നില്‍ നിന്നു കൊണ്ട് കുന്ത മുനയായി മാറിക്കൊണ്ടിരുന്ന പോരാളിയായിരുന്നു. 2010-ല്‍ ഇതര സംസ്ഥാന ലോട്ടറി മാഫിയയ്ക്കെതിരായ പോരാട്ടം നടത്തുമ്പോള്‍ ഡല്‍ഹിയിലെ കരുത്ത് പി.ടി തോമസായിരുന്നു. എന്റെ ജ്യേഷ്ഠ സഹോദരന് കൂടിയാണ് പി.ടി. ഞാന്‍ തേവര എസ്.എച്ച് കോളജില്‍ യൂണിറ്റ് പ്രസിഡന്റായിരുന്നപ്പോള്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. വാത്സല്യത്തോടെ രാഷ്ട്രീയ രംഗത്തേക്ക് അദ്ദേഹം കൈപിടിച്ചുകൊണ്ടു വന്നവരില്‍ ഒരാള്‍ കൂടിയാണ് ഞാനെന്നത് അഭിമനത്തോടെ ഓര്‍ക്കുന്നു.
വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ആര്‍ജ്ജവത്തോടെ അത് നടപ്പാക്കുകയും ചെയ്തിരുന്ന ഒരാളാണ്. കേരള സമൂഹത്തില്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായി മതേതരത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍ എന്നും ശ്രമിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു പി.ടി. വരാനിരിക്കുന്ന നാളുകളില്‍ ഞങ്ങളുടെ വഴികളിലെ പ്രകാശഗോപുരമായി അദ്ദേഹം നില നില്‍ക്കുമെന്ന് ഉറപ്പുണ്ട്. പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവുകളര്പ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.