മസ്കത്ത്: കോവിഡ് കാലത്ത് ഏറെ പിറകോട്ടുപോയ ശേഷം ഗതാഗത മേഖല പഴയ അവസ്ഥയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഇൻഷുറൻസ് ക്ലൈമുകൾ വർധിച്ചുവരുന്നതായി ഇൻഷൂറൻസ് കമ്പനികൾ പറഞ്ഞു. കഴിഞ്ഞവർഷം അവസാന പാദത്തിൽ കോവിഡ് കൊടുമ്പിരികൊണ്ട 2020 ആദ്യപാദത്തെക്കാൾ ക്ലൈമുകൾ 81 ശതമാനം വർധിച്ചിട്ടുണ്ട്. 2020 ആദ്യ പാദത്തിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ വാഹനങ്ങളും ജനങ്ങളും റോഡിലിറങ്ങുന്നത് തീരെ കുറഞ്ഞിരുന്നു. ഇതിന്റെ ഫലമായി മഹാമാരി കാലത്ത് റോഡപകടങ്ങളും കുറവായിരുന്നു. ഇക്കാലത്ത് ഇൻഷുറൻസ് ക്ലൈമുകൾ കോവിഡ് പ്രതിസന്ധിക്ക് മുമ്പുള്ളതിനെക്കാൾ 80 ശതമാനമാണ് കുറഞ്ഞത്. റോഡപകടങ്ങളും ഇൻഷുറൻസ് ക്ലൈമുകളും കുറയുന്ന പ്രവണത വന്നതോടെ പല കമ്പനികളും പ്രീമിയത്തിൽ ഇളവും നൽകിയിരുന്നു. എന്നാൽ, ഒമാനിൽ വാക്സിനേഷൻ നടപടികൾ ശക്തമാക്കിയതോടെ കാര്യങ്ങൾ സാധാരണഗതിലേക്ക് നീങ്ങുകയും എല്ലാവരുടെയും ജീവിതരീതികൾ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മാറുകയുമായിരുന്നു.
ജനങ്ങൾ പഴയതുപോലെ പലചരക്ക് കടകളും ഫാർമസികളും അടക്കം എല്ലാ സ്ഥാപനങ്ങളും സന്ദർശിക്കാൻ തുടങ്ങിയതായാണ് ഇൻഷുറൻസ് കമ്പനികൾ നടത്തിയ ചലനക്ഷമത റിപ്പോർട്ടിൽ പറയുന്നത്. ഓഫിസുകളിലും ജോലി സ്ഥലങ്ങളിലും ജീവനക്കാർ സാധാരണ ഗതിയിൽ എത്താൻ തുടങ്ങിയതും ജനജീവിതം സാധാരണ ഗതിയിലേക്ക് നീങ്ങാൻ കാരണമാക്കി. ഇതോടെ റോഡിലെ തിരക്കും വാഹനങ്ങളും വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇക്കാരണത്താൽ ക്ലൈമുകളും ഉയരാൻ തുടങ്ങി. ഇത് ഇൻഷുറൻസ് മേഖലക്ക് അപകടകരമായ മുന്നറിയിപ്പാണ് നൽകുന്നത്. എന്നാൽ, വിനോദസഞ്ചാരം അടക്കമുള്ള സുപ്രധാന മേഖലകളിൽ കാര്യമായ വളർച്ചയൊന്നും ഉണ്ടായില്ല. ഒമാനിൽ ഇൻഷുറൻസ് പ്രീമിയം കുറവാണ് എന്നത് കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ്. മഹാമാരി ആരംഭിച്ചത് മുതൽ നിരവധി ഇൻഷുറൻസ് കമ്പനികൾ അപകടങ്ങൾ കുറഞ്ഞത് കാരണം പ്രീമിയത്തിൽ 35 ശതമാനം വരെ ഡിസ്കൗണ്ട് നൽകിയിരുന്നു. ഇതിപ്പോൾ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായാണ് ഇൻഷുറൻസ് മേഖലയിലുള്ളവർ പറയുന്നത്.